print edition സുധാകരനു പിന്നാലെ അടൂർ പ്രകാശും


സി കെ ദിനേശ്
Published on Mar 15, 2026, 02:00 AM | 1 min read
തിരുവനന്തപുരം : കണ്ണൂരിൽ മത്സരിക്കുമെന്ന് ആവർത്തിക്കുന്ന കോൺഗ്രസ് നേതാവ് കെ സുധാകരനുപിന്നാലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും രണ്ടും കൽപ്പിച്ച് പോരിനിറങ്ങുന്നു. സുധാകരൻ, അടൂർ പ്രകാശ് എന്നിവർക്കായി പത്തനംതിട്ട, എറണാകുളം ജില്ലകളിൽ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിനുമുന്നിലും ആലുവയിലും പത്തനംതിട്ട ഡിസിസി ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനിടയിൽ, അനുനയ ശ്രമത്തിന്റെ ഭാഗമായി ഡൽഹിയിലെ സ്ഥാനാർഥി ചർച്ച ചൊവ്വാഴ്ചവരെ നീട്ടി. സുധാകരനെ ഒതുക്കാനായാൽ അടൂർ പ്രകാശ് അടക്കമുള്ള മറ്റുഎംപിമാരെ വകവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം.
സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ചയ്ക്കില്ലെന്ന് ആവർത്തിച്ച് സുധാകരൻ ശനിയാഴ്‌ചയും രംഗത്തെത്തി. മത്സരിക്കുമെന്നത് നേരത്തെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം വാർത്താചാനലുകളോട് പറഞ്ഞു.
സ്ഥാനാർഥി നിർണയ ചർച്ചയ്ക്കിടെ എംപിമാർക്ക് സീറ്റുണ്ടാവില്ലെന്ന് അറിയിപ്പ് കിട്ടിയതോടെയാണ് സുധാകരൻ പെട്ടെന്ന് ഡൽഹിയിൽനിന്ന് കണ്ണൂരിലേക്ക് മടങ്ങിയതും വെള്ളിയാഴ്‌ച ഫെയ്‌സ്‌ബുക്കിൽ വൈകാരിക കുറിപ്പിട്ടതും. പിന്നാലെ ജില്ലയിലെ നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി പ്രതികരിക്കാൻ തുടങ്ങിയതോടെ കോൺഗ്രസ് വെട്ടിലായി. സുധാകരൻ മത്സരിക്കുന്നതിനോട് കണ്ണൂർ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും എതിർപ്പുണ്ട്. ഇത് മുതലെടുത്താണ് വി ഡി സതീശനും സണ്ണിജോസഫും കരുക്കൾ നീക്കിയത്.










0 comments