ലക്ഷദ്വീപിൽ 'ബുധനാഴ്ച വാഹന നിരോധനം' റംസാൻ കഴിയുന്നതുവരെ നടപ്പാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ

കൊച്ചി: ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചയും നടപ്പിലാക്കാൻ തീരുമാനിച്ച 'വാഹനരഹിത ദിനം' റംസാൻ കഴിയുന്നത് വരെ നീട്ടിവെച്ചു. വിവാദമായ ഈ ഉത്തരവ് നടപ്പിലാക്കുന്നത് താൽക്കാലികമായി തടഞ്ഞ വിവരം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസ് മാർച്ച് 16ന് കോടതി വീണ്ടും പരിഗണിക്കും.
പരിസ്ഥിതി സംരക്ഷണവും ആരോഗ്യ പരിപാലനവും മുൻനിർത്തിയാണ് ഇത്തരമൊരു പരിഷ്കാരം കൊണ്ടുവന്നതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്ന ഈ നിയമം അനുസരിച്ച്, ബുധനാഴ്ചകളിൽ ദ്വീപ് റോഡുകളിൽ മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരുന്നു. ഡിസ്ട്രിക്ട് കളക്ടറും സെക്രട്ടറിയുമായ ആർ ഗിരി ശങ്കറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനമുണ്ടായിരുന്നു.
എല്ലാത്തരം മോട്ടോർ വാഹനങ്ങൾക്കും നിരോധനം ബാധകമാണെങ്കിലും ചില പ്രത്യേക വിഭാഗങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന വാഹനങ്ങൾ, സുരക്ഷാ സേനയുടെ വാഹനങ്ങൾ, അടിയന്തര വൈദ്യസഹായത്തിനുള്ള ആംബുലൻസുകൾ എന്നിവയെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. വിവാദ ഉത്തരവ് ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.










0 comments