ഹൃദയപൂർവ്വം വയോജനങ്ങൾക്കൊപ്പം; വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി

senior citizen policy
വെബ് ഡെസ്ക്

Published on Sep 18, 2025, 11:14 AM | 2 min read

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സാമൂഹികവും ആരോഗ്യപരവുമായ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ നഗരപ്രദേശത്ത് വസിക്കുന്ന 65 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അവരവരുടെ സ്ഥലങ്ങളിൽ തന്നെ ആരോഗ്യപരിരക്ഷയും മാനസിക ഉല്ലാസവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആഭിമുഖ്യത്തിൽ വയോമിത്രം പദ്ധതി നടപ്പാക്കി വരുന്നത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന 65 വയസ്സ് കഴിഞ്ഞവർക്ക് വരുമാന പരിധിയില്ലാതെ സൗജന്യമായി ജീവിതശൈലീ രോഗ നിയന്ത്രണ മരുന്നുകൾ, പാലിയേറ്റീവ് സേവനം, ഹെൽപ്പ് ഡെസ്ക് സേവനം, കൗൺസലിംഗ് സേവനം, വാതിൽപ്പടി സേവനം എന്നിവ നൽകുന്നതാണ് പദ്ധതി.


പുനരധിവാസം, കിടപ്പിലായ വയോജനങ്ങൾക്കാവശ്യമായ സേവനങ്ങൾ എന്നിവയ്ക്കായി വയോമിത്രം ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെടുന്ന വയോജനങ്ങൾക്ക് ബന്ധപ്പെട്ട വയോമിത്രം യൂണിറ്റ് നേരിട്ടുള്ള സേവനം ഉറപ്പാക്കുന്നു. അങ്ങനെ സാധിക്കാത്തവ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്ത് ആവശ്യമായ സേവനം നൽകി വരുന്നു. കൂടാതെ വയോമിത്രം ഗുണഭോക്താക്കളിൽ തന്നെ ഒറ്റപ്പെടലും മാനസിക സംഘർഷങ്ങളും അനുഭവിക്കുന്ന വയോജനങ്ങൾക്ക് ആവശ്യമായ കൗൺസലിംഗ് ഡോക്ടർമാരുമായി ചേർന്ന് കോർഡിനേറ്റർമാർ നൽകി വരുന്നുണ്ട്.


സംസ്ഥാനത്തെ 91 നഗരസഭ പ്രദേശത്തും നാല് ബ്ലോക്ക് പഞ്ചായത്തുകളിലും വളരെ വിജയകരമായി വയോമിത്രം നടപ്പാക്കി വരുന്നുണ്ട്. കൂടാതെ, വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി പരിപാടികൾ, വിനോദയാത്രകൾ, വിവിധ ദിനാചരണങ്ങൾ, സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയും വയോമിത്രം പദ്ധതി വഴി നടപ്പിലാക്കുന്നു. ജനകീയ പങ്കാളിത്തത്തോടുകൂടി വയോമിത്രത്തെ നഗരപ്രദേശങ്ങളിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായി വളർത്താനുളള ശ്രമങ്ങളാണ് സാമൂഹ്യസുരക്ഷാ മിഷൻ നടത്തി വരുന്നത്. വയോജനക്ഷേമ രംഗത്ത് വയോമിത്രം പദ്ധതി ഉൾപ്പെടെയുളള പദ്ധതികളുടെ മികവ് പരിഗണിച്ചാണ് കേന്ദ്ര സർക്കാരിൻ്റെ വയോശ്രേഷ്ഠ പുരസ്ക്കാരം 2017, 2021 വർഷങ്ങളിൽ സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നത്.


ഡോക്ടർമാർ ഉൾപ്പെടെയുളള ടീം കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാരായ മുതിർന്ന പൗരന്മാർക്കും വീടുകളിലെത്തി ചികിത്സ, മരുന്നുകൾ, പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങളും നൽകി വരുന്നതാണ് വയോമിത്രം പദ്ധതിയിലെ വാതിൽപ്പടി സേവനം. ഡിമൻഷ്യ/അൽഷിമേഴ്സ് മെമ്മറി സ്ക്രീനിംഗ് നടത്തുന്നതിന് ഓർമ്മത്തോണി എന്ന പുതിയ പദ്ധതിയും സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്നുണ്ട്. വയോമിത്രം പദ്ധതിയിലെ ഗുണഭോക്താക്കളായ വയോജനങ്ങളിലെ ഡിമൻഷ്യ/അൽഷിമേഴ്സ് ബാധിതരെ കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും പരിചരണം നൽകുന്നതിനുമാണ് ഓർമ്മത്തോണി പദ്ധതിയെന്നും മന്ത്രി ബിന്ദു പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home