ad
Deshabhimani

ആദിത്യന്റെ മരണം: അധ്യാപക പീഡനം കാരണം 18 വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചു; വെളിപ്പെടുത്തലുമായി സഹപാഠികൾ

Adithyan
വെബ് ഡെസ്ക്

Published on May 02, 2026, 09:42 AM | 1 min read

ബെംഗളൂരു: ബെംഗളൂരുവിലെ നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജ് അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി സഹപാഠികളും കുടുംബവും. സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ ക്രൂരമായ മാനസിക പീഡനവും ശാരീരിക ഉപദ്രവവും സഹിക്കവയ്യാതെ ആദിത്യന്റെ ബാച്ചിലെ 18 വിദ്യാർത്ഥികൾ ഇതിനോടകം പഠനം ഉപേക്ഷിച്ചതായി സഹപാഠികൾ വെളിപ്പെടുത്തി.


മാനേജ്മെന്റിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അവർക്ക് വിദ്യാഭ്യാസം വെറും ബിസിനസ് മാത്രമാണെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു. ആദിത്യൻ മരിച്ച വിവരം അറിഞ്ഞ് എത്തിയ സുഹൃത്തുക്കളെ അവനെ അവസാനമായി ഒരുനോക്ക് കാണാൻ പോലും കോളേജ് അധികൃതർ അനുവദിച്ചില്ലെന്ന് ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ വിദ്യാർത്ഥികൾ പറയുന്നു.


ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് പ്രദീപ്‌ ആരോപിച്ചു. ലഹരി ഉപയോഗിക്കാത്ത ആദിത്യനെ ലഹരിക്ക് അടിമയാണെന്ന് പറഞ്ഞ് അധ്യാപകൻ നിരന്തരം അധിക്ഷേപിച്ചിരുന്നു. ആദിത്യന്റെ മുറിയിലുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു.


ഇവരെക്കുറിച്ച് അധ്യാപകൻ പറയുന്ന പേരുകൾ ആദിത്യൻ സാക്ഷ്യപ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു പീഡനം. ഇതിന് വഴങ്ങാത്തതിനെത്തുടർന്ന് ആദിത്യനെ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിച്ചതായും പിതാവ് പറഞ്ഞു. മരണം കുടുംബപ്രശ്നം മൂലമാണെന്ന് വരുത്തിത്തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നതായും കുടുംബം ആരോപിക്കുന്നു.


ആദിത്യൻ മരിച്ചതിന് പിന്നാലെ കോളേജിൽ നടന്ന കാര്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ സഹപാഠികളുടെ മൊബൈൽ ഫോണുകൾ അധികൃതർ പിടിച്ചുവെച്ചതായി സഹോദരൻ വെളിപ്പെടുത്തി. സംഭവത്തിൽ കർണാടക പൊലീസും കേരള പൊലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home