ad
Deshabhimani

അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികളുടെ മരണം; ചിതൽനാശിനി ഉള്ളിൽച്ചെന്നെന്ന് സംശയം

ADIMALI CHILD DEATH
വെബ് ഡെസ്ക്

Published on Sep 12, 2026, 04:13 PM | 1 min read

അടിമാലി: ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ചത് ചിതൽനാശിനി ഉള്ളിൽച്ചെന്നാണെന്ന് സംശയം. ഇരുമ്പുപാലം ഒഴുവത്തടത്ത് വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുവരും മരിച്ചത്.


വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടികൾ പെട്ടെന്ന് അവശനിലയിലായതിനെ തുടർന്ന് പിതാവ് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാൾ താലൂക്ക് ആശുപത്രിയിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ചിതൽനാശിനി ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


വീട്ടിനുള്ളിൽ നിന്ന് പൊട്ടിയൊഴുകിയ നിലയിൽ ചിതൽനാശിനി പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ വൈദ്യുതി മുടങ്ങിയ സമയത്താണ് കുട്ടികൾക്ക് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലെ ചിമ്മിനിയോട് ചേർന്നുള്ള തട്ടിൽ സൂക്ഷിച്ചിരുന്ന ചിതൽനാശിനി പൊട്ടിയൊഴുകി തറയിൽ വീണതാകാമെന്നാണ് കരുതുന്നത്. അടുക്കളയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കൈകളിൽ വിഷാംശം പറ്റുകയും അറിയാതെ കൈ വായിൽ വെച്ചതിലൂടെ വിഷം ഉള്ളിൽ ചെന്നതാകാമെന്നാണ് സംശയം.


സംഭവസമയത്ത് കുട്ടികളുടെ അമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പിതാവ് സമീപത്തെ മുറിയിലുമുണ്ടായിരുന്നു. വൈദ്യുതി വന്നതോടെ കുട്ടികളുടെ ദേഹത്ത് എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇത് കഴുകിക്കളഞ്ഞതായി മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.


പിന്നീട് ഒരു കുട്ടിക്ക് പാൽ നൽകുന്നതിനിടെ ഇരുവരും അവശനിലയിലാകുകയായിരുന്നു. ഉടൻ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അടിമാലിയിലെ ആശുപത്രികളിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home