ഓണക്കാല ചെലവുകൾ: മുഖ്യമന്ത്രിയുടേത് പൊള്ളവാദം

ജി രാജേഷ്കുമാർ
Published on Sep 12, 2026, 04:21 PM | 3 min read
തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാല സർക്കാർ ചെലവുകൾ സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശവാദങ്ങൾ പൊളിയുന്നു. ആഗസ്‌തിലെ സർക്കാർ ചെലവുകൾ സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകൾ ഓണം കഴിഞ്ഞുള്ള മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നിരത്തിയ അവകാശ വാദങ്ങളെല്ലാം തെറ്റാണെന്ന് വ്യക്തമാക്കി. കഴിഞ്ഞവർഷം എൽഡിഎഫ് സർക്കാരിന്റെ ഓണക്കാല ചെലവിനെ അപേക്ഷിച്ച് അയ്യായിരം കോടിയോളം രൂപയാണ് ഇത്തവണ വെട്ടിക്കുറച്ചത്. വിലക്കയറ്റം തടയാനായി അനുവദിക്കേണ്ട സബ്‌സിഡി തുകയിലും വലിയ കുറവുവരുത്തി.
മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടത്
‘സിവിൽ സപ്ലൈസ് കോർപ്പറേഷൻ എത്ര മനോഹരമായിട്ടാണ് ഈ ഓണക്കാലം കൈകാര്യം ചെയ്തത്. മന്ത്രിസഭായോഗത്തിൽ ആ വകുപ്പിനെ പ്രത്യേകമായി അഭിനന്ദിച്ചു. ഓണാഘോഷം നല്ലരീതിയിൽ സംഘടിപ്പിച്ചതിന് ടൂറിസം വകുപ്പിനെയും പ്രത്യേകമായി അഭിനന്ദിച്ചു. കേരളത്തിന്റെ മുക്കിലും മൂലയിലും 13 ഇനം അവശ്യസാധനങ്ങൾ എത്തിച്ചു. സർവകാല റെക്കോർഡാണ് ഇത്. എല്ലാവിഭാഗം ജനങ്ങൾക്കും പണം കൊടുത്തു. ഒരാൾക്കും പൈസ കൊടുക്കാതിരുന്നിട്ടില്ല.’
അക്കൗണ്ടന്റ് ജനറൽ കണക്കിലൂടെ വ്യക്തമാകുന്നത്
ഓണക്കാലച്ചെലവുകൾ നിർവഹിച്ച ആഗസ്‌തിലെ സർക്കാരിന്റെ റവന്യുചെലവ് 17,369 കോടി രൂപയാണ്. 2025 ആഗസ്‌തിലെ റവന്യുച്ചെലവ് 22,110 കോടി രൂപയും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇൗ വർഷം ഓണക്കാലച്ചെലവുകളിൽ 4740 കോടി രൂപയുടെ കുറവുണ്ടായതായി എജിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഒപ്പം, കഴിഞ്ഞവർഷം സെപ്‌തംബർ അഞ്ചിനായിരുന്നു തിരുവോണം. സെപ്‌തംബറിലെ ആദ്യദിവസങ്ങളിലും ഓണവുമായി ബന്ധപ്പെട്ട ചെലവുകൾ നിർവഹിച്ചിരുന്നു. ഇതുകൂടി ചേർത്താൽ 5000 കോടി രൂപയുടെ കുറവ് ഇത്തവണ ഉണ്ടായി. എന്നിട്ടാണ് കൂടുതൽ പണം ജനങ്ങളിലേക്ക് എത്തിച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്.

സിവിൽ സപ്ലൈസിന്റെ പട്ടിണി ഓണം
ഓണം മനോഹരമായി കൈകാര്യം ചെയ്‌തതിന് സിവിൽ സപ്ലൈസ് കോർപറേഷനെ മന്ത്രിസഭാ യോഗത്തിൽ പ്രത്യേകമായി അഭിനന്ദിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, ഓണക്കാലത്ത് സപ്ലൈകോ അടക്കമുള്ള ഏജൻസികൾക്ക് നൽകേണ്ട സബ്‌സിഡി തുക ഗണ്യമായി വെട്ടിച്ചുരുക്കുകയായിരുന്നു സർക്കാർ. ആഗസ്‌തിൽ 245 കോടി രൂപയാണ് സർക്കാരിന്റെ സബ്‌സിഡി ചെലവ്. ഇൗ വർഷം ബജറ്റിൽ 2338 കോടി രൂപയാണ് സബ്‌സിഡി നൽകാനായി നീക്കിവച്ചിട്ടുള്ളത്. ഇതിൽ 33 ശതമാനം തുകയാണ് ആഗസ്‌ത് വരെ ചെലവിട്ടിട്ടുള്ളത്. വിപണി വില കുതിച്ചുരുന്ന ഓണക്കാലത്ത് മതിയായ സബ്‌സിഡി സഹായം ലഭ്യമാക്കി സർക്കാർ ഏജൻസികളെ വിപണി ഇടപെടലിന് സജ്ജമാക്കാൻ കഴിയാതിരുന്നതാണ് രൂക്ഷമായ വിലക്കയറ്റത്തിന് കാരണമായത്. എന്നിട്ടാണ് ഓണക്കാലം സപ്ലൈകോ മനോഹരമായി കൈകാര്യം ചെയ്‌തുവെന്ന് തട്ടിവിട്ടത്. എന്നാൽ, കഴിഞ്ഞവർഷങ്ങളിൽ എൽഡിഎഫ് സർക്കാരിന്റെ കൃത്യമായ ഇടപെടലുകളാണ് വിലക്കയറ്റം പിടിച്ചുനിർത്തിയിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് എജിയുടെ കണക്കുകൾ. 2025 ആഗസ്‌തിൽമാത്രം വിപണി ഇടപെടലിന് എൽഡിഎഫ് സർക്കാർ നൽകിയത് 392 കോടി രൂപയാണ്. ആ വർഷം ബജറ്റിൽ സബ്‌സിഡി ഇനത്തിൽ നീക്കിവച്ചിരുന്നത് 2144 കോടി രൂപ. ഇതിൽ 948 കോടി രൂപയും അഗസ്‌തിനകം നൽകി. 57 ശതമാനം തുക. അതുവഴിയാണ് വിലക്കയറ്റവും അല്ലലുമില്ലാത്ത ഓണം സാധ്യമായത്.
ആനുകൂല്യങ്ങളെല്ലാം തടസ്സപ്പെട്ടു
ഓണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഓണക്കിറ്റും ക്ഷേമ പെൻഷൻ ആനുകൂല്യങ്ങൾ ബഹുഭൂരിപക്ഷത്തിനും എത്തിക്കാൻ കഴിയാത്തപ്പോഴാണ് സപ്ലൈകോയോ മുഖ്യമന്ത്രി അഭിനന്ദിച്ചത്. മിക്ക റേഷൻ കടകളിലും കൃത്യമായി കിറ്റ് എത്തിക്കാൻ സപ്ലൈകോയ്‌ക്ക് കഴിഞ്ഞില്ല. മഞ്ഞ, പിങ്ക് കാർഡുടകൾക്കെല്ലാം എൽഡിഎഫ് സർക്കാർ ഓണക്കിറ്റ് നൽകിയിരുന്നു. ഇത്തവണ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമായി പരിമിതപ്പടുത്തിയിട്ടും എല്ലാവർക്കും സമയത്തിന് നൽകാനായില്ല. നീല കാർഡുകാർക്ക് പ്രഖ്യാപിച്ച 3 കിലോ പ്രത്യേക അരിയും ഗോതന്പും, മറ്റ് വിഭാഗങ്ങൾക്ക് പ്രഖ്യാപിച്ച സ്‌പെഷ്യൽ അരിയും വിതരണം ചെയ്യലും പേരിനുമാത്രമായി. 13 ഇനം സബ്‌സിഡി സാധനങ്ങളിൽ പഞ്ചസാരയും വെളിച്ചെണ്ണയും വൻപയറും ഉൾപ്പെടെ ഇല്ലാതെയാണ് മിക്ക ഒൗട്ട്‌ലെറ്റുകളും തുറന്നിരുന്നത്.

ഓണത്തിനു മുമ്പ് ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കെല്ലാം ഒരു മാസത്തെ പെൻഷനെങ്കിലും എത്തിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. മുൻകാലങ്ങളിൽ ഓണത്തിന് ഒരു മാസത്തെയെങ്കിലും പെൻഷൻ മുൻകൂറായി നൽകിയിരുന്നു. രണ്ടോ മൂന്നോ മാസത്തെ പെൻഷൻ ഒന്നിച്ചു ലഭിച്ചിരുന്ന ആറുപത് ലക്ഷത്തിലേറെ കുടുംബങ്ങളിൽ ഓണം അല്ലലില്ലാതെ എത്തിയിരുന്നു. പ്രവാസി ക്ഷേമ പെൻഷനും മൂന്നു മാസം കുടിശികയാക്കി. ആദിവാസി വിഭാഗങ്ങൾക്ക് ഓണസമ്മാനമായി ലഭിച്ചിരുന്ന 1000 രൂപയും മുടങ്ങി. ആദ്യം വസ്‌ത്രം നൽകാൻ തീരുമാനിച്ചു. എന്നിട്ട് തുണിത്തരങ്ങളുടെ ഗുണമേന്മയിൽ ആക്ഷേപം ഉയർന്നപ്പോൾ വീണ്ടും തുകയായി നൽകാൻ തീരുമാനിച്ചു. ഇതിനല്ലാം ഉത്തരവുകൾ തിരുത്തിയിറക്കൽ മാത്രമാണ് നടന്നത്. വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളിലെ അർഹരായ ഒട്ടേറെ പേർക്ക് ഇത് സമയത്തിന് ലഭ്യമാക്കാനായില്ല.
തടസമായത് പണത്തിന്റെ കുറവ്
വാരിക്കോരി നൽകിയെന്ന് സർക്കാർ അവകാശവാദത്തിന്റെ മുനയൊടിക്കുകയാണ് അക്കൗണ്ടന്റ് ജനറൽ. മുൻവർഷത്തെ അപേക്ഷിച്ച് ഓണക്കാല ചെലവുകളിൽ വലിയ തുക വെട്ടിക്കുറവ് വരുത്തിയതിലൂടെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വറുതിയില്ലാത്ത ഓണത്തിനുള്ള അവസരമാണ് സർക്കാർ നിഷേധിച്ചത്. പ്രളയത്തിൽ വീടുകളിൽ സ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങൾ സംഭവിച്ചവർക്കായി പ്രഖ്യാപിച്ച 10,000 രൂപ ധനസഹായവും നൽകാതൊയണ് ഓണം കൊണ്ടാടി എന്ന വാചകമടി നടത്തുന്നത്.









0 comments