പൊലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂർ ഇരുത്തിയെന്ന അൻസിബയുടെ വാദം തള്ളി നടി ലക്ഷ്മിപ്രിയ

കൊച്ചി: നടി അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും തള്ളി നടി ലക്ഷ്മിപ്രിയ. അൻസിബയുടെ പരാതിയിൽ തൃക്കാക്കര എസിപി ഓഫീസിൽ മൊഴി നൽകാനെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിൽ അൻസിബ അയച്ച വാട്‌സാപ് സന്ദേശമാണ് പരാതിക്ക് കാരണമായതെന്നും, എന്നാൽ പൊലീസ് സ്റ്റേഷനിൽ തന്നെ മൂന്ന് മണിക്കൂർ ഇരുത്തി പീഡിപ്പിച്ചെന്ന അൻസിബയുടെ വാദം തെറ്റാണെന്നും അവർ പറഞ്ഞു. തങ്ങൾ രണ്ടുപേരും സ്റ്റേഷനിൽ ഉണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റ് മാത്രമാണെന്നതിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും, വ്യക്തിപരമായ പ്രശ്നങ്ങളിൽ താരസംഘടനയായ 'അമ്മ' ഇടപെടേണ്ടതില്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
അതേസമയം, താൻ അയച്ച സന്ദേശത്തെ ദുർവ്യാഖ്യാനം ചെയ്ത് ലക്ഷ്മിപ്രിയ നൽകിയ വ്യാജ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അൻസിബയുടെ ആരോപണം. ഇതിന്റെ പേരിൽ തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് അൻസിബ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച തൃക്കാക്കര എസിപി ഓഫീസിൽ മൊഴി നൽകിയ അൻസിബ, നടൻ ടിനി ടോമിനും 'അമ്മ' സംഘടനയ്ക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഈ സംഭവത്തിൽ ആരോപണവിധേയയായ വനിതാ എസ്‌ഐ രേഷ്മയുടെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും.










0 comments