print edition വെല്ലുവിളി നിറഞ്ഞ വിചാരണക്കാലം


ശ്രീരാജ് ഓണക്കൂർ [email protected]
Published on Dec 09, 2025, 04:15 AM | 2 min read
കൊച്ചി
നടിയെ ആക്രമിച്ച കേസിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞ വിചാരണക്കാലം താണ്ടിയാണ് പ്രോസിക്യൂഷൻ ദിലീപ് ഒഴികെയുള്ള പ്രതികൾക്കെല്ലാം ശിക്ഷ ഉറപ്പാക്കിയത്. പ്രതിയായിരുന്ന നടൻ ദിലീപ് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി അറുപതിലധികം ഹർജികളാണ് നൽകിയത്. ഇത് വിചാരണയെ പലവട്ടം തടസ്സപ്പെടുത്തി. കേസ് വിചാരണയിൽ അതൃപ്‌തി പ്രകടിപ്പിച്ച് രണ്ട് പ്രോസിക്യൂട്ടർമാർ രാജിവച്ചതും പ്രതിബന്ധമായി. ഇത്തരത്തിലുള്ള നിരവധി തടസ്സങ്ങൾ മറികടന്നാണ് സംസ്ഥാന സർക്കാർ വിധിദിനം യാഥാർഥ്യമാക്കിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ക്ലോൺഡ് കോപ്പി വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പലതവണ അപേക്ഷ നൽകി. അതിജീവിതയുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിക്കാൻ സർക്കാർ ഇതിനെ എതിർത്തു. ഹൈക്കോടതി അപേക്ഷ നിരസിച്ചതിനെ തുടർന്ന് ദിലീപ് സുപ്രീകോടതിയെ സമീപിച്ചു. സീനിയർ അഭിഭാഷകരെയാണ് സർക്കാർ സുപ്രീംകോടതിയിൽ നിയോഗിച്ചത്. ഒടുവിൽ കോടതിയിൽവച്ചുമാത്രം ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി അനുമതി നൽകി.
വിചാരണ നീതിപൂർവമല്ലെന്ന് ആരോപിച്ച് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. എ സുരേശനും പിന്നീട് നിയോഗിക്കപ്പെട്ട അഡ്വ. വി എൻ അനിൽകുമാറുമാണ് രാജിവച്ചത്. തുടർന്ന് മൂന്നാമത്തെ പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാറിനെ 2022 ജൂലൈ 18ന് നിയമിച്ചാണ് വിചാരണ പൂർത്തിയാക്കിയത്.
കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ, നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് മൂന്നുതവണ തുറന്നുവെന്ന ആരോപണവും ഉയർന്നു. എന്നാൽ, മെമ്മറി കാർഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി അനുവദിച്ചില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് അതിനുള്ള അനുമതി നേടിയത്. ഫൊറൻസിക് ലാബ് പരിശോധനയിൽ, മെമ്മറി കാർഡിൽ മൂന്നുതവണ ഇടപെടൽ നടന്നിട്ടും ദൃശ്യങ്ങളുടെ തെളിവുമൂല്യം നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കാനായി. ആദ്യ ആറുപ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഇൗ തെളിവ് നിർണായകമായി.
സാക്ഷികളെ തിരിച്ചുവിളിക്കണമെന്നും നിർണായകരേഖകൾ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ വിചാരണ ജഡ്ജി തള്ളിയപ്പോഴും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെടുത്തു.
വാമൊഴി, ഡോക്യുമെന്ററി, ഡിജിറ്റൽ തെളിവുകൾ എന്നിവ വിശദീകരിച്ച് അഞ്ച് വാല്യങ്ങളുള്ള (1512 പേജ്) വിശദ വാദക്കുറിപ്പ് പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. വാദങ്ങൾക്കൊടുവിൽ വിചാരണ കോടതി ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും പ്രോസിക്യൂഷൻ തൃപ്തികരമായി ഉത്തരം നൽകി. വിചാരണക്കോടതി മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിത ഹർജി നൽകിയപ്പോൾ നടപടിക്രമങ്ങളും വസ്തുതകളും വ്യക്തമാക്കി പിന്തുണയ്ക്കുകയാണ് സർക്കാർ ചെയ്തത്.
പലരും മൊഴിമാറ്റി
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്‌ക്കൊപ്പം അടിയുറച്ചുനിന്നവരിൽ മഞ്‌ജു വാര്യർ അടക്കമുള്ള താരങ്ങളുണ്ട്. എന്നാൽ, കൂറുമാറിയവരിലും അഭിനേതാക്കളുണ്ട്. അഭിനേതാക്കളായ കുഞ്ചാക്കോ ബോബൻ, ലാൽ, രമ്യ നന്പീശൻ, ഗീതു മോഹൻദാസ്, മേയ്‌ക്കപ്പ് ആർട്ടിസ്‌റ്റ് രഞ്ജു രഞ്ജിമാർ എന്നിവർ ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായ മൊഴി നൽകി. എന്നാൽ, സിദ്ദിഖ്, കാവ്യ മാധവൻ, നാദിർഷ, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉൾപ്പെടെയുള്ളവർ കൂറുമാറി. കേസിൽ ആകെ കൂറുമാറിയത് 28 പേരാണ്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, ഡ്രൈവർ അപ്പുണ്ണി എന്നിവരും കൂറുമാറിയവരിൽ ഉൾപ്പെടുന്നു.

എട്ടരവർഷം നീണ്ട കേസ്; 9 മിനിറ്റിൽ വിധി
രാജ്യം കാതോർത്ത വിധിപ്രസ്‌താവം ഒന്പത് മിനിറ്റിൽ. നടിയെ ആക്രമിച്ച കേസിൽ തിങ്കൾ പകൽ 11ന് കോടതി നടപടികൾ തുടങ്ങി. അതിനുംമുന്പേ കോടതിക്കകം അഭിഭാഷകർ, നിയമവിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, പ്രതികളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരാൽ നിറഞ്ഞിരുന്നു. കോടതിക്കകത്ത് ഇടം ലഭിക്കാത്തവർ പുറത്ത് ജനലരികിലും മറ്റുമായി നിലയുറപ്പിച്ചു.
കോടതിക്കുള്ളിലേക്ക് എത്തിയ ജഡ്‌ജി ഹണി എം വർഗീസ് ആദ്യം ആവശ്യപ്പെട്ടത് പ്രതികളെ കാണാൻ കഴിയുംവിധത്തിൽ മറ്റുള്ളവർ ഒതുങ്ങിനിൽക്കാനും സഹകരിക്കാനുമായിരുന്നു. തുടർന്ന് വിധിപ്രസ്‌താവത്തിലേക്ക്. പ്രതിക്കൂട്ടിലെ രണ്ടറ്റത്തായാണ് ദിലീപും പൾസർ സുനിയും നിന്നിരുന്നത്. ദിലീപ്, സുനിക്ക് മുഖംകൊടുത്തില്ല. ജഡ്‌ജി വിധിപ്രസ്‌താവം തുടങ്ങിയതോടെ ദിലീപ് കണ്ണുകളടച്ചു.
ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും ദിലീപ് ഉൾപ്പെടെയുള്ളവർ കുറ്റക്കാരല്ലെന്നും ജഡ്‌ജി പറഞ്ഞു. അത് കേട്ടതോടെ ദിലീപിന് ചുറ്റുമുള്ളവരിൽനിന്ന് ദീർഘനിശ്വാസമുയർന്നു. തുടർന്ന് അഭിഭാഷകർക്കൊപ്പം പുറത്തേക്ക്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പൾസർ സുനിയേയും മറ്റു പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.










0 comments