print edition നിരാശ, രോഷം; ‘അവൾക്കൊപ്പംതന്നെ’

നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വന്നതിന് പിന്നാലെ കോടതിക്ക് പുറത്ത് ദിലീപ് ആരാധകർ മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ശ്രമിക്കുന്നു
കൊച്ചി
രാജ്യത്തിന്റെ കണ്ണുകൾ തിങ്കളാഴ്‌ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി അറിയാൻ നാട് കാതോർത്ത നിമിഷങ്ങൾ. കോടതിപ്പരിസരം രാവിലെമുതൽ കനത്ത പൊലീസ് വലയത്തിലായിരുന്നു. വിധികേൾക്കാൻ വലിയ ജനക്കൂട്ടവും കാത്തുനിന്നു. ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളടക്കമുണ്ടായി.
അഭിഭാഷകരെയും വിവിധ കേസുകളുടെ ഭാഗമായി എത്തിയവരെയും മാധ്യമപ്രവർത്തകരെയുംമാത്രമാണ് പൊലീസ് കോടതിക്ക് അകത്തേക്ക് കയറ്റിയത്. രാവിലെ 9.44ന് ജഡ്‌ജി ഹണി എം വർഗീസ് കോടതിവളപ്പിലെത്തി.
10.20ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ എത്തി. ‘‘ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് വിശ്വാസം. സ്‌ത്രീസുരക്ഷ ഉയർത്തിപ്പിടിക്കുന്ന സർക്കാരിന്റെയടക്കം പിന്തുണ ലഭിച്ചു’’ എന്നും അദ്ദേഹം പ്രതികരിച്ചു. ഇതിനിടെ, 10.27ന് നടൻ ദിലീപ് എത്തി. പ്രതികരിക്കാതെ അകത്തേക്ക്. ഏറ്റവുമൊടുവിൽ 10.43നാണ് ഒന്നാംപ്രതി എൻ എസ് സുനിൽ (പൾസർ സുനി) എത്തിയത്. കൂസലോ, ആശങ്കകളോ ഇല്ലാതെ അകത്തേക്കുകയറി.
11ന് കോടതിനടപടികൾ തുടങ്ങി. ഒന്പതുമിനിട്ടുമാത്രം നീണ്ട കോടതിനടപടിക്കിടെ ജഡ്‌ജി വിധിപ്രസ്‌താവം പൂർത്തിയാക്കി. വിധി വന്നതോടെ ദിലീപിനെ ഉൾപ്പെടെ മുഴുവൻ പ്രതികളെയും ശിക്ഷിക്കുമെന്ന് വിശ്വസിച്ചവർ നിരാശയിലായി. രോഷവും പ്രതിഷേധവും പ്രകടമാക്കി. നിശബ്ദരായി ചിതറിനിന്ന ദിലീപ് ആരാധകരും അനുയായികളും കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു; മധുരം വിതരണം ചെയ്‌തു.
11.20ന് ദിലീപ് അഭിഭാഷകർക്കൊപ്പം പുറത്തേക്ക്. മാധ്യമങ്ങളോട് പ്രതികരിച്ചശേഷം മടക്കം. 12.45ന് പൾസർ സുനിയും മറ്റുപ്രതികളുമായി പൊലീസ് പുറത്തേക്ക്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അവർ പൊലീസ് വാഹനത്തിലേക്ക് കയറി.
ദിലീപിന്റെ വീടിനുമുന്നിലും ആരാധകരുടെ ആഘോഷം
നടിയെ ആക്രമിച്ച കേസിൽ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടെ വിധി തിങ്കൾ പകൽ 11ന് വന്നതോടെ ആലുവ കൊട്ടാരക്കടവിലുള്ള ദിലീപിന്റെ പത്മസരോവരം വീടിനുമുന്നിൽ സ്ത്രീകളടക്കമുള്ള ആരാധകരുടെ ആഘോഷം. ലഡു വിതരണംചെയ്തും കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് സന്തോഷം പങ്കിട്ടത്.
തിങ്കൾ രാവിലെ 9.30നാണ് ദിലീപ് വീട്ടില്‍നിന്ന് കോടതിയിലേക്ക് പുറപ്പെട്ടത്. ആരാധകര്‍ ഈസമയത്തും വീടിനുമുന്നിൽ ഉണ്ടായിരുന്നു. വിധി അനുകൂലമായതോടെ പകൽ 1.10ന് ദിലീപ്, സുഹൃത്തുക്കള്‍ക്കും സഹോദരന്‍ അനൂപിനുമൊപ്പം തിരിച്ചെത്തി.
ആരാധകരെത്തിച്ച ദിലീപിന്റെയും കാവ്യയുടെയും ചിത്രമുള്ള കേക്ക് ദിലീപ് മുറിച്ചു. വീട്ടിലേക്ക് കയറിയതോടെ ഭാര്യ കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി, ദിലീപിന്റെ സഹോദരി, സഹോദരന്റെ മക്കള്‍ എന്നിവര്‍ചേര്‍ന്ന് കെട്ടിപ്പിടിച്ച് സ്വീകരിച്ചു.










0 comments