print edition നടി ആക്രമിക്കപ്പെട്ട കേസ്; അതിജീവിത ഹൈക്കോടതിയിലേക്ക്


സ്വന്തം ലേഖകൻ
Published on May 14, 2026, 12:01 AM | 1 min read
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസി ൽ അതിജീവിത ഹൈക്കോടതിയിലേക്ക്. നടൻ ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്യുന്നത്. വിധിക്കെതിരെ പ്രോസിക്യൂഷൻ ഫയൽചെയ്‌ത ഹർജിക്കുപുറമെയാണിത്.
അതിജീവിതയുടെ തുടർപോരാട്ടത്തിന് പിന്തുണയേകി ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റി’ന് രൂപം നൽകിയിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗ്രോവറാണ് അതിജീവിതയ്ക്കായി ഹാജരാകുന്നതെന്ന് ട്രസ്റ്റ് പ്രസ്‌താവനയിൽ അറിയിച്ചു. നിയമപോരാട്ടത്തിന് സാന്പത്തികപിന്തുണ തേടി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്യു ആർ കോഡും ട്രസ്റ്റ് പങ്കുവച്ചു.
അതിജീവിതയുടെ തീരുമാനത്തിന് വിമൻ ഇൻ സിനിമാ കലക്ടീവും (ഡബ്ല്യുസിസി) പിന്തുണ പ്രഖ്യാപിച്ചു. ഡബ്ല്യുസിസി എപ്പോഴും അതിജീവിതയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്നും വ്യക്തമാക്കി. അതിജീവിതയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കൈവശമിരിക്കെ പലതവണ ദുരുപയോഗം ചെയ്യപ്പെട്ടെന്നും ഹാഷ് വാല്യൂ മാറിയെന്നും ട്രസ്റ്റ് ആരോപിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി മുന്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും അന്വേഷണം കാര്യക്ഷമമായില്ലെന്ന പരാതിയുള്ളതിനാൽ അതിജീവിത ഹൈക്കോടതിയിൽ പുതിയ റിട്ട് ഹർജി ന ൽകും.
കേസിൽ 2025 ഡിസംബർ എട്ടിനാണ് വിചാരണക്കോടതി വിധി പറഞ്ഞത്. ആക്രമണത്തിൽ നേരിട്ടുപങ്കെടുത്ത ആറുപേരെ ശിക്ഷിച്ചു. ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപ് ഉൾപ്പെടെ നാലുപേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. അഡ്വ. ഭദ്രകുമാരി, അഡ്വ. ജെ സന്ധ്യ എന്നിവരടങ്ങുന്ന നിയമസംഘവും വൃന്ദ ഗ്രോവർക്കൊപ്പമുണ്ടാകും. കെ അജിത, ദീദി ദാമോദരൻ, ഭാഗ്യലക്ഷ്മി, മേഴ്സി അലക്സാണ്ടർ തുടങ്ങിയവരാണ് ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റി’ലുള്ളത്.










0 comments