‘കേസുണ്ടാക്കിയ കോളിളക്കം വിധിയെ ബാധിച്ചിട്ടില്ല’
print edition വിധി 1711 പേജ് ; ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല

കൊച്ചി
നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പര്യാപ്‌തമല്ലെന്ന് കോടതി. 1711 പേജുള്ള ശിക്ഷാവിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നാംപ്രതി പൾസർ സുനി എന്ന എൻ എസ് സുനിലും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയെന്നതിന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച തെളിവുകൾ തള്ളിയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയത്.
ഗൂഢാലോചനയ്‌ക്ക് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയത് പൾസർ സുനി ജയിലിൽനിന്ന് അയച്ച കത്താണ്. ഒരു സ്‌ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്ന് ആദ്യം പൾസർ സുനി പറഞ്ഞിരുന്നു. പിന്നീട് ദിലീപാണ് ക്വട്ടേഷൻ നൽകിയതെന്ന് പറഞ്ഞു. സുനി പറയുന്ന സ്‌ത്രീയെക്കുറിച്ച് വിവരമില്ല. ഇതിന്റെകൂടി പശ്‌ചാത്തലത്തിലാണ് ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാണിച്ചത്.
എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ്, വിവിധ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള പ്രോസിക്യൂഷന്റെ ആരോപണവും കോടതി തള്ളി. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കുമെന്ന് വിധിയിൽ വ്യക്തമാക്കി. നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്‌റ്റ് ചെയ്‌തതെന്ന് പ്രോസിക്യൂഷൻ പറയുന്നുണ്ട്. എന്നാൽ, ദിലീപിന്റെ അറസ്‌റ്റ് നിയമവിരുദ്ധമാണെന്നും ഹാജരാക്കിയ തെളിവുകളൊന്നും ഗൂഢാലോചന തെളിയിക്കാൻ പ്രാപ്‌തമല്ലെന്നും വിധിയിൽ പറയുന്നു.
‘കേസുണ്ടാക്കിയ കോളിളക്കം വിധിയെ ബാധിച്ചിട്ടില്ല’
നടിയെ ആക്രമിച്ച കേസ് ഏറെ കോളിളക്കമുണ്ടാക്കിയെങ്കിലും അത് കോടതിയെ ബാധിച്ചിട്ടില്ലെന്ന് ശിക്ഷ പ്രഖ്യാപിക്കുംമുന്പ് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് വാക്കാൽ പരാമർശിച്ചു. പ്രതികളുടെ പ്രവൃത്തി സ്‌ത്രീയുടെ ഉന്നതമായ അന്തസ്സിനെ ഹനിക്കുന്നതാണ്.
അപകടഭീതിയൊന്നുമില്ലാതെ സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അവൾ ആക്രമിക്കപ്പെട്ടത്. പ്രതികൾ അവളെ ഭയത്തിലേക്കും അപമാനത്തിലേക്കും നിസ്സഹായാവസ്ഥയിലേക്കുമാണ് തള്ളിവിട്ടത്. അതിജീവിതയ്‌ക്ക് കടുത്ത മാനസിക സംഘർഷമാണ് നേരിടേണ്ടിവന്നത്. ശിക്ഷ വിധിക്കുന്പോൾ പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പൂർവകാലവും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നിർഭയ കേസിലെ സുപ്രീംകോടതി നിരീക്ഷണങ്ങളും കോടതി പരാമർശിച്ചു. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവരുടെ അന്തസ്സിനെ മാത്രമല്ല, സാമൂഹിക പുരോഗതിയെക്കൂടി ബാധിക്കും.ശിക്ഷ വിധിക്കുമ്പോൾ, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതംകൂടി കണക്കാക്കേണ്ടിവരും.
പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്ന വാദം എന്നിവയും പരിഗണിക്കണം. 40ൽത്താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പരമാവധി ശിക്ഷ നൽകേണ്ടതില്ല– കോടതി പറഞ്ഞു.










0 comments