print edition നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂഷൻ വാദിച്ചത് പരമാവധി ശിക്ഷയ്‌ക്ക്

കൊച്ചി
നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് ശക്തമായി വാദിച്ച് പ്രോസിക്യൂഷൻ. ഒന്നാംപ്രതി പൾസർ സുനി എന്ന എൻ എസ് സുനിൽ ചെയ്‌ത അതേ കുറ്റമാണ് രണ്ടുമുതൽ ആറുവരെ പ്രതികളും ചെയ്‌തത്. ഇവർ ഇരയെ ബലാത്സംഗം ചെയ്‌തിട്ടില്ലെങ്കിലും കുറ്റകൃത്യത്തിൽ പങ്കാളികളാണ്. ഇൗ അഞ്ച് പ്രതികൾ ഉള്ളതുകൊണ്ടാണ് അതിജീവിതയെ ബലാത്സംഗം ചെയ്യാൻ കഴിഞ്ഞതെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാർ ചൂണ്ടിക്കാട്ടി.
ഒന്നാംപ്രതി പൾസർ സുനി മാത്രമാണ് അതിജീവിതയെ ബലാത്സംഗം ചെയ്‌തതെന്നും ഇയാൾക്കുള്ള ശിക്ഷ മറ്റു പ്രതികൾക്ക് നൽകാനാവുമോ എന്നുമുള്ള കോടതിയുടെ ചോദ്യത്തിനായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഗൂഢാലോചനയിൽ പങ്കെടുത്ത മുഴുവൻ പ്രതികളും കൂട്ടബലാത്സംഗക്കുറ്റമാണ് ചെയ്‌തിരിക്കുന്നത്. ഇൗ വകുപ്പുപ്രകാരം പരമാവധി ശിക്ഷ കിട്ടാൻ ഓരോ പ്രതിയും ബലാത്സംഗം ചെയ്യണമെന്നില്ല.
കുറ്റകൃത്യത്തിന്റെ മൊത്തത്തിലുള്ള വ്യാപ്‌തിയാണ് പരിഗണിക്കേണ്ടത്. എല്ലാ പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയാണ് കുറ്റകൃത്യം ചെയ്‌തതെന്നും അതിനാൽ എല്ലാവർക്കും പരമാവധി ശിക്ഷ നൽകണം.സ്‌ത്രീകൾ പുരുഷൻമാരുടെ ഉപഭോഗവസ്‌തുക്കളല്ല. കുറ്റവാളികൾക്ക് നൽകുന്ന പരമാവധി ശിക്ഷ സമൂഹത്തിനുള്ള സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതികൾക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്ന് കുടുംബസാഹചര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിഭാഗം ആവശ്യപ്പെട്ടു. വിചാരണയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസുകളും കുറ്റവിമുക്തനായ ദിലീപിന്റെ പാസ്‌പോർട്ട് വിട്ടുനൽകണമെന്ന ഹർജിയും 18ന് പരിഗണിക്കാൻ മാറ്റി.
കുറഞ്ഞശിക്ഷ തെറ്റായ സന്ദേശം നൽകും : വി അജകുമാർ
വിധി പ്രാേസിക്യൂഷന് തിരിച്ചടിയല്ലെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ. തെളിവുകൾ ഉള്ളതുകൊണ്ടാണ് പ്രതികളെ ശിക്ഷിച്ചത്. തെളിവുകളിൽ ഏതാണ് സ്വീകരിക്കാതെപോയതെന്ന് വിധിന്യായം വായിക്കാതെ പറയാനാകില്ല. വായിച്ചശേഷം മതിയായ നടപടികൾ സ്വീകരിക്കും. എട്ടാംപ്രതിയായിരുന്ന ദിലീപിനെ വെറുതെവിട്ടത് സംബന്ധിച്ചും വിധി പരിശോധിച്ചശേഷമെ പറയാനാകൂ.
20 വർഷമെന്നത് പാർലമെന്റ് നിശ്‌ചയിച്ച കുറഞ്ഞ ശിക്ഷയാണ്. അത് ഒരു കോടതിയുടെയും ഒൗദാര്യമല്ല, കേസിനെ സംബന്ധിച്ച് നിരാശയില്ല. ഇൗ പാസ്‌പോർട്ട് (വിധി) കിട്ടുന്നതിനാണ് കഴിഞ്ഞ മൂന്നരവർഷം കോടതിക്കകത്ത് വെന്തുനീറിയത്. ഞങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ പിന്നീട് വേണ്ടസ്ഥലങ്ങളിൽ വേണ്ടവിധം അവതരിപ്പിക്കും. അതിനുള്ള പരിഹാരംനേടും. മേൽക്കോടതിയിൽനിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ. വിചാരണക്കോടതിയിൽനിന്ന് പരിപൂർണ നീതി കിട്ടിയില്ലെന്നും അജകുമാർ പറഞ്ഞു.
ഒന്നുമുതൽ ആറുവരെ പ്രതികൾക്ക് ലഭിച്ച പൊതുവായ ശിക്ഷ
കൂട്ടബലാത്സംഗം (ഐപിസി 376 ഡി), ക്രിമിനൽ ഗൂഢാലോചന (ഐപിസി 120 ബി) – – 20 വർഷം കഠിനതടവും 50,000 രൂപ പിഴയും. രണ്ടിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ്.
അന്യായ തടങ്കൽ (ഐപിസി 342)–ഒരു വർഷം തടവ്.
തടങ്കലിലാക്കാനായി ആക്രമിക്കൽ (ഐപിസി 357)–ഒരു വർഷം തടവ്
തട്ടിക്കൊണ്ടുപോയി നിർബന്ധിത ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതിന് (ഐപിസി 366)–10 വർഷം തടവും 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ്.
സ്‌ത്രീത്വത്തെ അപമാനിക്കാൻ ബലപ്രയോഗം നടത്തുക (ഐപിസി 354)–പ്രത്യേക ശിക്ഷയില്ല.
ബലപ്രയോഗത്തിലൂടെ സ്‌ത്രീയെ വിവസ്‌ത്രയാക്കുക (ഐപിസി 354 ബി)–പ്രത്യേക ശിക്ഷയില്ല.
പ്രേരണാ കുറ്റം (ഐപിസി 109)–പ്രത്യേക ശിക്ഷയില്ല.
ഒന്നാംപ്രതി പൾസർ സുനിക്കുള്ള പ്രത്യേക ശിക്ഷ: ഐടി ആക്ട് 66 ഇ പ്രകാരം സ്വകാര്യ- ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്‌തതിന് മൂന്നുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും.
ഐടി ആക്ട് 67 എ പ്രകാരം സ്വകാര്യ- ചിത്രങ്ങൾ പകർത്തിയതിന് അഞ്ച് വർഷം തടവും ഒരു ലക്ഷം പിഴയും. രണ്ടിനും പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി തടവ്.
രണ്ടാംപ്രതി മാർട്ടിൻ ആന്റണിക്കുള്ള പ്രത്യേക ശിക്ഷ: തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി തടവ്.
വിധിന്യായം വായിക്കാൻ നിർദേശിച്ച് കോടതി
അഭിപ്രായം പറയാൻ താൽപ്പര്യമുള്ളവർ വിധിന്യായം വായിച്ചുനോക്കണമെന്ന് കോടതി. നടിയെ ആക്രമിച്ച കേസിൽ ശിക്ഷ പ്രഖ്യാപിക്കുംമുന്പുള്ള വാദത്തിനിടെയായിരുന്നു പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസിന്റെ പരാമർശം.
കേസിന്റെ വിചാരണ നടക്കുന്പോൾ സ്വാർഥതാൽപ്പര്യത്തോടെ കോടതിക്ക് അകത്തും പുറത്തും ഒരോരുത്തർ ഒരോന്നും ചെയ്‌തു. ഇനിയത് ആവർത്തിക്കണ്ട. അഭിപ്രായം പറയണമെന്നുള്ളവർ വിധിന്യായം വായിക്കട്ടെ.
അതിജീവിതയുടെ നിസ്സഹായാവസ്ഥ പരിഗണിക്കണം. ഇത് സ്‌ത്രീയുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും കാര്യമാണെന്നും ജഡ്‌ജി പറഞ്ഞു. അതിക്രൂര ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകാനാകൂവെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ വാദിച്ചപ്പോഴായിരുന്നു ഇൗ പരാമർശം.
സമൂഹത്തിനുവേണ്ടി വിധിന്യായം എഴുതണോ എന്നും ജഡ്‌ജി ചോദിച്ചു. സമൂഹത്തിൽ നല്ല മനസ്സുള്ളവരെല്ലാം അതിജീവിതയ്‌ക്ക് ഒപ്പംനിന്നുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞപ്പോഴായിരുന്നു പ്രതികരണം. ജഡ്‌ജിയുടെ ഭൂതകാലവും ഭൗതികസാഹചര്യങ്ങളും അന്വേഷിച്ചോളൂ എന്നും കോടതിയെ അപമാനിച്ചാലും ബുദ്ധിമുട്ടിച്ചാലും തെറ്റായി റിപ്പോർട്ട് ചെയ്‌താലും കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും തുടക്കത്തിൽ മുന്നറിയിപ്പും നൽകി.
വീട്ടിൽ അമ്മ മാത്രമെന്ന് പൾസർ സുനി ; കരഞ്ഞ് മാർട്ടിൻ ആന്റണി
നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി കേൾക്കാൻ കോടാതിമുറിയിലെത്തിയ പൾസർ സുനിക്ക് തെല്ലും കൂസലില്ലായിരുന്നു. എന്താണ് പറയാനുള്ളതെന്ന ജഡ്‌ജി ഹണി എം വർഗീസിന്റെ ചോദ്യത്തിന് ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ’ എന്ന ഒറ്റ വാചകത്തിൽ മറുപടി. കുറ്റക്കാരനല്ലെന്നോ ഒന്നും ചെയ്‌തിട്ടില്ലെന്നോ ഇളവ് വേണമെന്നോ പറഞ്ഞില്ല.
ശിക്ഷാവിധിക്കുള്ള വാദം ആരംഭിക്കുന്നതിനുമുന്പാണ് ജഡ്‌ജി ഹണി എം വർഗീസ് ആറ് പ്രതികളെയും കേട്ടത്. പ്രതിക്കൂട്ടിലായിരുന്ന പ്രതികളെ ജഡ്‌ജി മുന്നിലേക്ക് വിളിപ്പിച്ചു. ആദ്യം എത്തിയത് പൾസർ സുനിയായിരുന്നു. രണ്ടാമതെത്തിയത് മാർട്ടിൻ ആന്റണി. ‘‘ഒരു തെറ്റും ചെയ്‌തിട്ടില്ല. ചെയ്യാത്ത തെറ്റിന്റെ പേരിൽ അഞ്ചരവർഷം ജയിലിൽ കഴിഞ്ഞു. ഒരു പെറ്റിക്കേസ് പോലും ഇല്ല. വാർധക്യസഹജമായ അസുഖങ്ങളുള്ള മാതാപിതാക്കളുണ്ട്. ജയിൽമോചിതനാക്കണം–തൊഴുകൈയോടെ മാർട്ടിൻ കരഞ്ഞു.
മനസ്സറിഞ്ഞ് ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നായിരുന്നു ബി മണികണ്‌ഠൻ പറഞ്ഞത്. ‘മറ്റു പ്രതികളുമായി സംസാരിച്ചിട്ടില്ല. ഭാര്യയും ഒന്പത് വയസ്സുള്ള മകളും രണ്ടര വയസ്സുള്ള മകനുമുണ്ട്. ഇവരുടെ ആശ്രയം ഞാനാണ്. അലിവുണ്ടാകണം. കുറഞ്ഞ ശിക്ഷ നൽകണം’ മണികണ്‌ഠൻ അഭ്യർഥിച്ചു. തലശേരി സ്വദേശിയാണെന്നും കണ്ണൂർ ജയിലിലേക്ക് അയക്കണം എന്നുമായിരുന്നു വി പി വിജേഷ് ജഡ്‌ജിയോട് ആവശ്യപ്പെട്ടത്. ഒരുതെറ്റും ചെയ്‌തിട്ടില്ലെന്നും ഭാര്യയും ഒരു വയസ്സുള്ള മകളുമുണ്ടെന്നും അവരുടെ ഏക ആശ്രയമാണെന്നും എച്ച് സലിമും തെറ്റുകാരനല്ലെന്ന് പ്രദീപും പറഞ്ഞു.










0 comments