print edition നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷൻ അപ്പീൽ ഉടൻ നൽകും

കൊച്ചി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകി. അപ്പീൽ നൽകാൻ അനുമതി തേടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചു. ആറ് പ്രതികളെമാത്രം ശിക്ഷിക്കുകയും എട്ടാംപ്രതി നടൻ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയുംചെയ്ത വിചാരണക്കോടതിവിധിയാണ് ചോദ്യംചെയ്യുക.
കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങളാലാണെന്ന് ശുപാർശയിൽ വ്യക്തമാക്കിയിരുന്നു. അപ്പീൽ ഉടൻ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി എൻ എസ് സുനിൽകുമാർ (പൾസർ സുനി), രണ്ടാംപ്രതി മാർട്ടിൻ ആന്റണി, മൂന്നാംപ്രതി ബി മണികണ്ഠൻ, നാലാംപ്രതി വി പി വിജീഷ്, അഞ്ചാംപ്രതി എച്ച് സലിം (വടിവാൾ സലിം), ആറാംപ്രതി പ്രദീപ് എന്നിവർക്ക് 20 വർഷം കഠിനതടവാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് എട്ടാം പ്രതി ദിലീപ് അടക്കമുള്ള മറ്റു പ്രതികളെ വെറുതെ വിട്ടത്.










0 comments