ad
Deshabhimani

2017 ഫെബ്രുവരി 17ന് മുമ്പും ശേഷവും; മലയാള സിനിമ മാറിമറിഞ്ഞ കേസും ദിനങ്ങളും

actress assault case DILEEP
avatar
ആര്യാ കൃഷ്ണൻ വി

Published on Dec 07, 2025, 01:54 PM | 3 min read

ലൈം​ഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയ രാജ്യത്തെ ആദ്യ സംഭവമാണ് 2017 ഫെബ്രുവരിയിൽ കൊച്ചിയിലുണ്ടായത്. മലയാള സിനിമ രം​ഗത്തെ യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയത് സിനിമ രം​​ഗത്തെ പ്രമുഖ നടൻ എന്ന വെളിപ്പെടുത്തലുകളും നടുക്കമുണ്ടാക്കി. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ വൈരാ​ഗ്യമാണ് ഇത്തരമൊരു ക്രൂരതയ്ക്ക് കാരണം. ആ​ഗോള തലത്തിൽ ശ്രദ്ധ നേടിയ കേസിൽ നാളെ വിധി വരുമ്പോൾ സിനിമ മേഖലയിൽ പ്രസ്തുത സംഭവത്തെത്തുടർന്നുണ്ടായ മാറ്റങ്ങൾ ഏറെയാണ്. നടി ആക്രമിക്കപ്പെട്ടതിന് മുമ്പും ശേഷവും എന്ന നിലയിലേക്ക് സിനിമ രം​ഗം തന്നെ മാറി. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വിള്ളലുകളുണ്ടായി. സിനിമ രം​ഗത്തെ ഭൂരിഭാ​ഗവും കയ്യടക്കി വച്ചിരുന്ന വ്യക്തിയുടെ പതനവും സിനിമ മേഖലയിലെ മാറ്റങ്ങളും വാർത്തകളിൽ ഇടംപിടിച്ചു. സ്ത്രീകൾക്കു വേണ്ടി സംസാരിക്കാനായി വിമൺ ഇൻ സിനിമ കളക്ടീവ് എന്ന പുതിയ സംഘടന രൂപം കൊണ്ടു. എല്ലാ സിനിമ സെറ്റുകളിലും ഇന്റേണൽ കമ്മിറ്റികൾ ആരംഭിച്ചു. താരസംഘടനയുടെ തലപ്പത്തേക്ക് വനിതകളെത്തി. സിനിമ മേഖലയിൽ സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഹേമ കമ്മിറ്റിക്ക് രൂപം നൽകി. പുറത്തുവന്ന റിപ്പോർട്ട് കുറേയേറെ നാൾ കേരള സമൂഹത്തിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു.


2017 ഫെബ്രുവരിയിലാണ് കേരള സമൂഹം നടുങ്ങിയ സംഭവമുണ്ടായത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് കാറിൽ വരികയായിരുന്ന നടിയെ പിന്തുടർന്ന് ടെമ്പോ ട്രാവലറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി. നടനും സംവിധായകനുമായ ലാലിന്റെ സഹായത്തോടെ നടി അന്നുതന്നെ പരാതി നൽകി. നടപടികൾ വേ​ഗത്തിലായിരുന്നു. പിറ്റേ ദിവസം തന്നെ നടിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പിന്നാലെ മുഖ്യപ്രതിയായ പൾസർ സുനിയെപ്പറ്റി വിവരം ലഭിക്കുന്നു. മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളിയെയും നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു. തുടക്കത്തിൽ മലയാള സിനിമയിലെ പ്രമുഖ നടന് സംഭവത്തിൽ ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകളുയർന്നെങ്കിലും അഭ്യൂഹങ്ങളായി തന്നെ തുടർന്നു. പൾസർ സുനിയെ വിശദമായി ചോദ്യം ചെയ്തതിനുപിന്നാലെയാണ് സിനിമരം​ഗത്തെ ഒന്നാകെ ഞെട്ടിച്ച് നടൻ ദിലീപ് കേസിൽ പ്രതിയാകുന്നത്.


actresa attack case


കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ വൈരാ​ഗ്യത്തിൽ നടിയെ ആക്രമിക്കാൻ സുനിക്ക് ക്വട്ടേഷൻ കൊടുത്തത് ദിലീപാണെന്നായിരുന്നു വെളിപ്പെടുത്തൽ. കേസിൽ സംഭവം നടന്ന് 5 മാസത്തിനു ശേഷം ദിലീപ് അറസ്റ്റിലായി. മൂന്ന് മാസത്തോളം ആലുവ സബ് ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് ദിലീപ് പുറത്തിറങ്ങുന്നത്. ദിലീപിന്റെ അറസ്റ്റിനു പിന്നാലെ താരസംഘടനയായ അമ്മ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ടു. ദിലീപിനെ പുറത്താക്കണമെന്ന് ഒരു വിഭാ​ഗം പരസ്യമായി തന്നെ ആവശ്യമുന്നയിച്ചു. ആദ്യം കാര്യമായി പ്രതികരിച്ചില്ലെങ്കിലും വിഷയത്തിന്റെ ​ഗൗരവം മനസിലാക്കിയതിനുപിന്നാലെ അമ്മ ദിലീപിനെ പുറത്താക്കി. ഇതോടെ അമ്മയിലെ അധികാര മാറ്റത്തിനും കളമൊരുങ്ങുകയായിരുന്നു. സംഘടനയിലെ പലരുടെയും നിലപാടിൽ പ്രതിഷേധിച്ച് അമ്മിയിൽ നിന്ന് രാജി വച്ച ഒരു കൂട്ടം വനിത ചലച്ചിത്ര പ്രവർത്തകർ പിന്നീട് വിമൺ ഇൻ സിനിമ കളക്ടീവ് എന്ന പേരിൽ മറ്റൊരു കൂട്ടായ്മ രൂപീകരിച്ചു. സംഭവം നടന്ന് എട്ടു വർഷങ്ങൾക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ അമ്മയുടെ ചരിത്രത്തിൽ ആദ്യമായി വനിതകൾ തലപ്പത്തേക്കു വന്നു.


നടി ആക്രമിക്കപ്പെട്ടത് ചർച്ചയായതോടെ എല്ലാ സിനിമ സെറ്റുകളിലും ഇന്റേണൽ കമ്മിറ്റികൾ പ്രവർത്തിക്കണമെന്ന് നിർദേശമുണ്ടായി. ഇതിനു പിന്നാലെ 2017 ജൂലൈയിൽ സർക്കാർ ഹേമ കമ്മിറ്റിക്ക് രൂപം നൽകി. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈം​ഗികാതിക്രമവും വിവേചനവുമടക്കമുള്ള ബുദ്ധിമുട്ടുകൾ പഠിക്കാനും അന്വേഷിക്കാനുമായി രൂപം നൽകിയ മൂന്നം​ഗ കമ്മിറ്റിയായിരുന്നു ഇത്. കമ്മിറ്റിയുടെ പഠനറിപ്പോർട്ട് 2024ൽ പുറത്തുവിട്ടു. നടി ആക്രമിക്കപ്പെട്ടതിനു ശേഷമുണ്ടായ പലവിധ മാറ്റങ്ങളോടെ മുന്നോട്ടു പോയിരുന്ന മലയാള സിനിമ മേഖലയിലേക്ക് വീശിയ കൊടുങ്കാറ്റായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. റിപ്പോർട്ടിനു പിന്നാലെ പല താരങ്ങൾക്കും സംവിധായകർക്കുമെതിരെ വെളിപ്പെടുത്തലുകളുണ്ടായി. തങ്ങൾ നേരിട്ട ദുരനുഭവം പങ്കുവയ്ക്കാൻ പല സ്ത്രീകളും തയാറായി മുന്നോട്ടുവന്നു തുടങ്ങി. ആരോപണ വിധേയരായവർ അമ്മ സംഘടനയുടെ അധികാരങ്ങളിൽ നിന്ന് രാജിവച്ചതോടെ വനിത ചലച്ചിത്ര പ്രവർത്തകർ സംഘടനയുടെ തലപ്പത്തെത്തി.


actress attack case dileep


ഇക്കാലമത്രയും അതിജീവിത നടത്തിയ നിയമപോരാട്ടവും നിശ്ചയദാർഡ്യവും ശ്രദ്ധേയമാണ്. മലയാള സിനിമയെ ഒന്നാകെ മാറ്റിമറിച്ച കേസിനാണ് എട്ടുവർഷങ്ങൾക്ക് ശേഷം വിധിവരുന്നത്. ഈ കാലയളവിൽ സംസ്ഥാന സർക്കാർ അതിജീവിതയ്ക്ക് നൽകിയ പിന്തുണ ചെറുതല്ല. ആക്രമണമുണ്ടായ ഉടൻ തന്നെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. അതിജീവിതയ്ക്ക് പിന്തുണ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടുവിളിച്ചു. കേസിൽ പ്രതിഭാ​ഗത്തിന്റെ ഇടപെടലുകളിൽ സംശയമുന്നയിച്ച് അതിജീവിത കോടതിയെ സമീപിച്ച വേളയിൽ പൂർണപിന്തുണ നൽകി. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഡ്യത്തിന്റെ ഫലമായിരുന്നു ഹേമ കമ്മിറ്റി. കമ്മിറ്റി റിപ്പോർട്ട് വഴി പുറത്തു വന്ന കേസുകളിലും അതിജീവിതർക്ക് പൂർണ പിന്തുണ നൽകി സർക്കാർ ഒപ്പമുണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home