ഹാസ്യനടനിൽ നിന്നും സ്വഭാവനടനിലേക്ക്

ജഗതി ശ്രീകുമാറും കുതിരവട്ടം പപ്പുവും ഇന്നസെന്റും കൊച്ചിൻ ഹനീഫയുമൊക്കെ ഹാസ്യത്തിൻറെ കിരിടം വയ്ക്കാത്ത രാജാക്കാൻമാരായി മലയാള സിനിമയെ കീഴടക്കിയപ്പോൾ വ്യത്യസ്ത ശെെെലിയും കയറ്റിറക്കങ്ങൾകൊണ്ട് സമൃദ്ധമായ ഭാഷാശെെലിയുമായി ഒരെളിയ കരാകാരൻ മലയാള സിനിമയിലേക്കെത്തി.'ടഫ് കോമ്പറ്റീഷൻ' ഫീൽഡായിരുന്നു അതെന്ന് അന്ന് തന്നെ തിരിച്ചറിഞ്ഞെങ്കിലും മുന്നോട്ട് വെച്ച കാൽ അദ്ദേഹം പിൻവലിച്ചില്ല. തന്റേതായ വേറിട്ടൊരിടം കണ്ടെത്തി അദ്ദേഹം തന്റെ സിനിമാ യാത്ര തുടർന്നു. അത് ചെന്നവസാനിച്ചത് ദേശീയ പുരസ്കാരം എന്ന വിശിഷ്ടമായ ബഹുമതിയിലേക്കും. സലീം കുമാറെന്ന നടൻ കേവലം ഹാസ്യനടനും മിമിക്രി കലാകാരനും മാത്രമായിരുന്നില്ല.
തൊണ്ണൂറുകൾ മുതൽ തന്നെ മലയാള സിനിമയിൽ തെളിഞ്ഞുനിന്ന മുഖം. ചെറിയ വേഷങ്ങളിൽ വന്നുമറയുമെങ്കിലും ചെയ്തതെല്ലാം ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളായി മാറിയവ.ചെറിയ ബഡ്ജറ്റ് സിനിമകളിലെ വലിയ കലാകാരനായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഭാഷാ ശെെലികൊണ്ടോ മുഖത്തെ ഭാവങ്ങൾകൊണ്ടോ ശരീരഘടനയിൽ വരുത്തുന്ന ചടുലമായ മാറ്റങ്ങൾകൊണ്ടോ
അദ്ദേഹം ഒരോ സിനിമയിലും വേറിട്ട് നിന്നു. ഒരു മിനിറ്റ് മാത്രം സ്ക്രീനിൽ തെളിഞ്ഞ കഥാപാത്രങ്ങൾ പോലും ആളുകളുടെ ഹൃദയത്തിലിടം പിടിച്ചു. കഴിവും കഠിനാധ്വാനവും കൊണ്ട് സ്വയം വഴിവെട്ടി വന്ന അതുല്യ നടന്‍ അങ്ങനെ ആദാമിന്റെ മകനുമായി.
മിമിക്രിയി നിന്നും അഭിനയരംഗത്തേക്ക് വന്നവരെ ഒരുകാലത്ത് കോപ്രായം കാണിക്കുന്നവരെന്ന് വിളിച്ചാക്ഷേപിച്ചിരുന്നെങ്കിലും, സലിം കുമാറെന്ന താരം അപ്പോഴും വ്യത്യസ്തനായി. മികച്ച ഒരുപിടി ചിത്രങ്ങൾ അദ്ദേഹത്തിനപ്പോഴും കിട്ടി. മായാവിയിലെ കണ്ണൻ സ്രാങ്ക് മാത്രം മതി ആ റേഞ്ച് മനസിലാക്കാൻ. മലയാള സിനിമ നിലനിൽക്കുന്നിടത്തോളം കാലം തിളക്കം മായാതെ തന്നെ കണ്ണൻ സ്രാങ്ക് നിലനിൽക്കും. മമ്മുട്ടിയോടൊപ്പം കട്ടക്ക് നിൽക്കുന്ന കഥാപാത്രം. ചില സമയങ്ങളിൽ ജോസ് പ്രകാശിന്റെ ശെെലി എടുത്തുപയോഗിക്കുമ്പോൾ പോലും മിമിക്രിയായി പോകാതെ തന്റെ അഭിനയം കൊണ്ട് സ്വന്തം ഐഡന്റിറ്റി നിലനിർത്തിയിരുന്നു സ്രാങ്ക് . സൂക്ഷമമായി വിലയിരുത്തുമ്പോൾ അഭിനയരംഗത്ത് ആഴമുള്ള കലാകാരൻ തന്നെയായിരുന്നു സലിം കുമാറെന്ന് ഒരോ നിരീക്ഷണത്തിലും വായിച്ചെടുക്കാനാകുന്നതാണ്.
ഹാസ്യത്തിന്റെ വേറിട്ട ശെെലികൊണ്ട് ഇപ്പോഴും മലയാളസിനിമയിൽ നിറഞ്ഞുനിൽക്കേണ്ട പ്രതിഭ. ശാരീരിക അവശതകൾകൊണ്ട് മാത്രം വേഷങ്ങളോട് നോ പറയേണ്ടി വരികയായിരുന്നു. ഒരു കലാകാരന്, അതും ഹാസ്യകലാകാരന് ഇത്രനാളും സിനിമാ രംഗത്ത് ഏറ്റവും മികച്ച നിലയിൽ പിടിച്ചുനിൽക്കാനായി എന്നത് ചെറിയ കാര്യമല്ല. ഹാസ്യത്തിൽ നിന്നും ഗൗരവതരമായ കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ട്രാൻസ്ഫോർമേഷനായിരുന്നു അതിലും ഗംഭീരം. അങ്ങനെ ദേശീയ പുരസ്കാരം കൂടി അഭിനയ ജീവിതത്തിൽ ചേർത്തുവെച്ചുകൊണ്ടല്ലാതെ അദ്ദേഹം അടങ്ങിയില്ല. ആദാമിന്റെ മകൻ അബു(ദേശീയ പുരസ്കാരം 2010), മാലിക്ക്, പത്തേമാരി, കറുത്ത ജൂതൻ തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ സലിം കുമാർ തന്റെ ഹാസ്യവേഷമഴിച്ചുവെച്ചു. ഇന്ധ്രൻസ് എന്ന കലാകാരന്റെ അഭിനയ പാടവം കേരളവും രാജ്യവും അറിഞ്ഞുതുടങ്ങുന്നതിന് മുമ്പെ അഭിനയത്തിൽ മാറ്റത്തിന്റെ ചുവടുവെച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ കലാകാരൻ സലിം കുമാർ തന്നെയായിരുന്നുവെന്ന് നിസംശയം പറയാം. എന്നാൽ അപ്പോഴും അദ്ദേഹത്തിലെ നർമ കലാകാരനെ ഒഴിവാക്കാൻ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും കഴിഞ്ഞില്ല. അങ്ങനെ ഹാസ്യം പിന്നെയും ഒരുപാട് കെെകാര്യം ചെയ്തു.
സലീമിന് വേണ്ടി മാത്രം എഴുതിയിയുണ്ടാക്കിയ കഥാപാത്രങ്ങളെന്ന് പോലും തോന്നുന്ന കൾട്ട് വേഷങ്ങൾ അദ്ദേഹം അനായാസേന കെെകാര്യം ചെയ്തു. കല്യാണ രാമനിൽ ദിലീപ് , ഇന്നസെന്റ്,ലാൽ എന്നിവരൊക്കെ ഉണ്ടായിട്ടും ഹാസ്യരസം വിളമ്പിയപ്പോൾ സലീം കുമാറിന്റെ തട്ട് താഴെ തന്നെ നിന്നു. അണിയറ നമുക്കൊരു മണിയറ ആക്കാമെന്ന് ജോലിക്കാരിയോട് പറയുന്ന ഡയലോഗ് ഇപ്പോഴും കേരളീയർക്കിടയിൽ ട്രെൻഡിംഗ് ആണ്. വൺമാൻ ഷോയിലെ പ്രാന്തനാകാനും വേറൊരാളെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല
ഹജ്ജിന് പോകുക എന്നത് ജീവിതാഭിലാഷമാക്കുകയും എന്നാൽ പിന്നീട് ഒരിക്കലും അതിന് സാധിക്കുകയില്ല എന്നുള്ള തിരിച്ചറിവും അബു എന്ന വ്യക്തിയെ തകർത്തുകളയുന്നത് എത്ര മനോഹരമായാണ് സലിം കുമാർ തന്റെ കഥാപാത്രത്തിലൂടെ പകർത്തിവെച്ചിരിക്കുന്നത്. കാഴ്ച്ചക്കാരന്റെ ഞെഞ്ചിൽ തറച്ച മുള്ളുപോൽ കഥാപാത്രം നമ്മെ വേദനിപ്പിച്ചുകൊണ്ട് വേട്ടയാടുന്നു. ഒരോ അഭിനയമുഹൂർത്തങ്ങളും അഭിയകലയുടെ മർമമറിഞ്ഞെന്ന പോലെ അബു അനശ്വരമാക്കി. അബു കരയുമ്പോൾ നാം കരയുന്നു. അബുവിന്റെ നെഞ്ച് പിളരുമ്പോൾ നീറുന്നത് പ്രേക്ഷകരുടെ ഹൃദയം കൂടിയാണ്. തമാശകൾ ചെയ്ത മനുഷ്യൻ തന്നെയല്ലെ ഇത് എന്ന് നാം തീർച്ചയായും ചോദിച്ചിരിക്കും. അതായിരുന്നു അബുവെന്ന ദേശീയ പുരസ്കാരം നേടിയ കഥാപാത്രത്തിന്റെ മികവ്.
അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. ഹാസ്യനടനിൽ ഒതുക്കിക്കെട്ടാതെ മികച്ച ഒരഭിനേതാവെന്ന നിലയിൽ തന്നെ സലിം കുമാറിനെ നാം ചർച്ചചെയ്യേണ്ടതുണ്ട്.. ഒരുപാട് അർഥവത്തും അഭിനയസാധ്യതയുമുള്ള കഥാപത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തുമെന്നുറപ്പായിരുന്നു. എന്നാൽ ശാരീരികാവസ്ഥകൾ പലപ്പോഴും വിലങ്ങുതടിയായി. എത്രയോ സിനിമകൾ.. എത്രയോ കഥാപാത്രങ്ങൾ . അച്ഛനുറങ്ങാത്ത വീട്ടിലേയും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു. സംസ്ഥാന പുരസ്കാരമാണ് ഈ ചിത്രത്തിലെ വേഷത്തിന് ലഭിച്ചത്.
ഹു..കൊച്ചി എത്തീ, അങ്ങ് ദുഫായിൽ ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാൻ, അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! ,എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ… , കേരളഫയര്‍ഫോഴ്സിനും ഇവിടത്തെ നാട്ടുകാർക്കും മണവാളൻ & സൺസിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാൻ നന്ദി രേഖപ്പെടുത്തുന്നു തുടങ്ങി സലിം കുമാറിൻറെ ഐക്കോണിക് ഡയലോഗുകൾ, ഇന്നും ഇനിയെപ്പോഴും നമ്മുടെ മനസിലുണ്ടാകും.ശാരീരികമായി വയ്യാതായപ്പോഴും അദ്ദേഹം തമാശകൾ കൊണ്ട് റിയാലിറ്റി ഷോകളില്‍ നിറഞ്ഞു. കഴിയുന്ന അവസരത്തിലെല്ലാം സിനിമകൾ ചെയ്തു. മലയാളി മനസിൽ എപ്പോഴും നിറഞ്ഞു നിന്ന അപൂർവ്വം കലാകാരനിൽ ഒരാളായി മാറി.










0 comments