മലയാളത്തിന്റെ സ്‌നേഹവാത്സല്യത്തിന് ‘92’; സിനിമയുടെ കാര്യത്തിൽ ഇന്നും ചെറുപ്പം

സ്വന്തം ലേഖിക
Published on Sep 23, 2025, 07:56 AM | 1 min read
തിരുവനന്തപുരം: അഭ്രപാളിയിലെ നടന വിസ്‌മയം മധുവിന് ചൊവ്വാഴ്‌ച 92 വയസ്സ്. ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനായുമെല്ലാം തിളങ്ങിയ അദ്ദേഹത്തിന് സിനിമയുടെ കാര്യത്തിൽ ഇന്നും ചെറുപ്പമാണ്. സിനിമ കാണാതെയോ സിനിമയെക്കുറിച്ച് സംസാരിക്കാതെയോ ഒരു ദിവസവും കടന്നുപോകില്ല. ജന്മദിനാഘോഷത്തെക്കുറിച്ചും അദ്ദേഹത്തിന് തന്റേതായ നിലപാടുണ്ട്.
"എല്ലാ ദിവസവും എനിക്ക് ഒരുപോലെയാണ്. ഒരു ആഘോഷങ്ങൾക്കും ഞാൻ മുൻകൈ എടുക്കാറില്ല. കുട്ടിക്കാലത്ത് അമ്മയോ അമ്മൂമ്മയോ ചെറിയൊരു ആഘോഷം നടത്തും. പുറത്താണെങ്കിൽ ഇൗ ദിവസത്തെക്കുറിച്ച് ഞാൻ മിണ്ടാറുകൂടിയില്ല. ഇപ്പോൾ രാത്രി 12ന് മകൾ ഉമയുടെ വക കേക്ക് മുറിക്കും. ഉച്ചയൂണിന് പ്രഥമനും ഉണ്ടാകുമെന്ന് മാത്രം– മധു പറഞ്ഞു.
"ഒടിടിയിൽ സിനിമയൊക്കെ കണ്ട് പുലർച്ചെ മൂന്നിനാണ് ഉറങ്ങുന്നത്. എട്ട് മണിക്കൂർ ഉറക്കം പ്രധാനം. രാവിലത്തെയും ഉച്ചയ്ക്കത്തെയും ചേർത്ത് "ബ്രഞ്ച്' കഴിക്കും. അച്ഛന്റെ സഹോദരിമാരും സുഹൃത്തുക്കളുമൊക്കെയെത്തും. വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ അവർക്കായി മാറ്റി വയ്ക്കും. അഞ്ച് മണിക്ക് കുളിക്കാൻ പോകും. ഇൗ ചിട്ടയാണ് എല്ലാ ദിവസവും. അതിൽ മാറ്റം വരാറില്ല. ഞങ്ങൾക്ക് പ്രധാനം പിറന്നാൾ ദിനമാണ്. ഇൗ വർഷം 25നാണ് ചോതി നക്ഷത്രം. അന്ന് കുടുംബാംഗങ്ങൾ മാത്രം. അച്ഛൻ എപ്പോഴും പോകാറുണ്ടായിരുന്ന ഗൗരീശപട്ടം മഹാദേവ ക്ഷേത്രത്തിലും പഴവങ്ങാടിയിലും പത്‌മനാഭ സ്വാമിക്ഷേത്രത്തിലും അമ്മ പോകാറുണ്ടായിരുന്ന ശ്രീകണ്‌ഠേശര്വം ക്ഷേത്രത്തിലും പോകും. വഴിപാട് നടത്തും. ഇക്കൊല്ലം മകന്റെ മകൻ ത്രിലോകുമുണ്ടെന്ന് മാത്രം– മകൾ ഉമ പറഞ്ഞു.










0 comments