ad
Deshabhimani

ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാമിന് ഇഡി സമൻസ്; അടുത്ത ചൊവ്വാഴ്ച ഹാജരാകണം

Jayaram.jpg
വെബ് ഡെസ്ക്

Published on Feb 10, 2026, 08:01 AM | 1 min read

കൊച്ചി: ശബരിമല സന്നിധാനത്തെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ ജയറാമിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അടുത്ത ചൊവ്വാഴ്ച (ഫെബ്രുവരി 17) കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.


കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലും ബന്ധത്തിലുമാണ് ഇഡി വ്യക്തത തേടുന്നത്. നേരത്തെ ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയായ ഇഡിയുടെ നീക്കം.


ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ പതിപ്പിക്കാനുള്ള സ്വർണ്ണപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് താരത്തിന് തിരിച്ചടിയായത്.


താൻ കടുത്ത അയ്യപ്പ ഭക്തനാണെന്നും ഒരു വിശ്വാസി എന്ന നിലയിൽ മാത്രമാണ് വീട്ടിൽ നടന്ന പൂജയിൽ പങ്കെടുത്തതെന്നുമാണ് ജയറാം നേരത്തെ നൽകിയ മൊഴി. ഉണ്ണിക്കൃഷ്ണൻ പോറ്റി തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും താൻ ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


സ്വർണപ്പാളികൾ എവിടെ നിന്നാണ് വന്നതെന്നോ അത് എങ്ങോട്ടാണ് കൊണ്ടുപോയതെന്നോ തനിക്ക് അറിയില്ലെന്നും ജയറാം സിറ്റിംഗ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ജയറാമിന് എന്തെങ്കിലും പങ്കുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നത്.


എന്നാൽ സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകൾ കൂടി അന്വേഷിക്കുന്ന ഇഡി, ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ദീർഘകാലത്തെ പരിചയത്തെ ഗൗരവമായാണ് കാണുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home