കടുവയെ പിടികൂടാൻ നടപടികൾ തുടങ്ങിയതായി വനംമന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുത്തുവരികയാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ദൗത്യം പൂർത്തിയാക്കുന്നതുവരെ ജനങ്ങൾ ജാഗ്രത പാലിക്കണം. രാത്രിയിൽ മയക്കുവെടി വയ്ക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമായേക്കാം. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. രാത്രിയിൽ വീട്ടിൽനിന്നും പുറത്ത് ഇറങ്ങരുത്. അത്യാവശ്യമാണെങ്കിൽ വനം, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടണമെന്നും മന്ത്രി പറഞ്ഞു.
പച്ചിലക്കാട് പടിക്കംവയൽ ജനവാസകേന്ദ്രത്തിൽ തിങ്കളാഴ്‌ച എത്തിയ കടുവയെ ചൊവ്വാഴ്‌ച ചീക്കല്ലൂരിലെ പുളിക്കലിൽ കാടുമൂടിയ വയലിൽ വനംവകുപ്പ് കണ്ടെത്തി. തിങ്കൾ രാത്രി വയലിലൂടെ രണ്ടുകിലോമീറ്ററോളം സഞ്ചരിച്ചാണ് കടുവ പുളിക്കലിൽ എത്തിയത്. തെർമൽ ഡ്രോൺ ഉപയോഗിച്ച് ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തിൽ ഡാറ്റബേസിലുള്ള ‘ഡബ്ല്യുഡബ്ല്യുഎൽ 112’ കടുവയാണിതെന്ന് വനപാലകർ തിരിച്ചറിഞ്ഞു.










0 comments