ന്യൂമാഹി ഇരട്ടക്കൊലക്കേസ്: മുഴുവൻ പ്രതികളെയും വെറുതെവിട്ടു

തലശേരി: ന്യൂമാഹിയിൽ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ 14പേരെ തലശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (3) ജഡ്‌ജി റൂബി കെ ജോസ് വെറുതെവിട്ടു. പള്ളൂരിലെ ടി സുജിത്ത്, മീത്തലെച്ചാലിൽ എൻ കെ സുനിൽകുമാർ, നാലുതറയിലെ ടി കെ സുമേഷ്, ചൊക്ലി പറമ്പത്ത് ഹൗസിൽ കെ കെ മുഹമ്മദ് ഷാഫി, പള്ളൂരിലെ ടി.പി.ഷമിൽ, കവിയൂരിലെ എ കെ ഷമ്മാസ്, ഈസ്റ്റ് പള്ളൂരിലെ കെ കെ.അബ്ബാസ്, ചെമ്പ്രയിലെ രാഹുൽ, നാലുതറ കുന്നുമ്മൽവീട്ടിൽ വിനീഷ്, പടിഞ്ഞാറെപാലുള്ളതിൽ പി വി വിജിത്ത്, പള്ളൂർ കിണറ്റിങ്കൽ കെ ഷിനോജ്, ന്യൂമാഹി അഴീക്കൽ മീത്തലെ ഫൈസൽ, ഒളവിലത്തെ സരീഷ്, ചൊക്ലി തവക്കൽ മൻസിൽ ടി പി സജീർ എന്നിവരെയാണ് വെറുതെവിട്ടത്.
2010 മെയ് 28ന് രാവിലെ 11ന് മാഹിപ്പാലം–പെരിങ്ങാടി റോഡിൽ കല്ലായിയിൽവെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയിൽ ഹാജരായി ബൈക്കിൽ മടങ്ങുമ്പോൾ ബിജെപി പ്രവർത്തകരായ ഈസ്റ്റ്പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത്(28),കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29)എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പേരായിരുന്നു പ്രതികൾ. രണ്ട് പേർ സംഭവ ശേഷം മരിച്ചു. മാഹി കോടതി ശിരസ്തദാർ ഉൾപ്പെടെ 44 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി. പ്രതിഭാഗം രണ്ടുസാക്ഷികളെ വിസ്തരിച്ചു. ഡിവൈഎസ്‌പിമാരായ പ്രിൻസ് അബ്രഹാം, എ പി ഷൗക്കത്തലി എന്നിവരാണ് അന്വേഷിച്ചത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ സി കെ ശ്രീധരൻ, അഡ്വ കെ വിശ്വൻ എന്നിവർ ഹാജരായി.










0 comments