നടുക്കം മാറാതെ സഹപ്രവർത്തകരും നാടും
ശാസ്താംകോട്ടയിൽ പ്രതിശ്രുത വധു വാഹനാപകടത്തിൽ മരിച്ചു

ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയിൽ സ്കൂൾ ബസുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ പ്രതിശ്രുത വധു മരിച്ചു. കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരി എ അഞ്ജന (25) ആണ് മരിച്ചത്.
ഭരണിക്കാവ് ഊക്കൻമുക്ക് ജങ്‌ഷനിൽ ചൊവ്വ രാവിലെ 9:45നാണ് അപകടം. ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ സ്കൂൾ ബസ് ഇടിച്ച ശേഷം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്താൽ സ്കൂട്ടറിന്റെ പിൻഭാഗം ഭാഗികമായി കത്തിനശിച്ചു.
അഞ്ജനയുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും നാടും. തൊടിയൂരിലെ വീട്ടിൽ നിന്ന് ഭരണിക്കാവിലെത്തി കടപുഴ റൂട്ടിൽ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് തിരിഞ്ഞ് ബണ്ട് റോഡിലൂടെ ബാങ്കിലെത്തുന്നതാണ് പതിവ്.
അഞ്ജനയുടെ വിവാഹം ഒക്ടോബർ 19ന് നടത്താൻ നിശ്ചയിച്ചിരുന്നു. ബാങ്കിൽ ജോലിയിൽ പ്രവേശിച്ചിട്ട് ആറ് ആഴ്ച മാത്രമേ ആയിട്ടുള്ളെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് സഹപ്രവർത്തകർക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയിരുന്നു. ജോലിയോടുള്ള ആത്മാർത്ഥതയും കൃത്യതയും സൗമ്യതയും ബാങ്കിൽ എത്തുന്നവരുടെയും വിശ്വാസം പിടിച്ചുപറ്റാൻ ഇടയാക്കിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. വിവാഹം ആഘോഷമാക്കാൻ സുഹൃത്തുക്കളും ബാങ്ക് ഭരണസമിതിയും തയ്യാറെടുക്കുന്നതിനിടയിലാണ് വേർപാട്.
തൊടിയൂർ ശാരദാലയം വീട്ടിൽ ബി മോഹനന്റെയും ടി അജിതയുടെയും മകളാണ്.









0 comments