കേരളത്തിൽ തുടരാൻ അനുവദിക്കണം; 'നാടുകടത്താനുള്ള' നീക്കത്തിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി

അബിൻ വർക്കി
കൊച്ചി: യൂത്ത് കോൺഗ്രസ് ഭാരവാഹി നിയമനത്തിൽ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറി അബിൻ വർക്കി. തനിക്ക് കേരളത്തിൽ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും, ദേശീയതലത്തിൽ ചുമതല നൽകിയുള്ള തീരുമാനം കോൺഗ്രസ് തിരുത്തണമെന്നും അബിൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന അധ്യക്ഷനാക്കാതിരുന്നത് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചില ഘടകങ്ങൾ പരിശോധിച്ചതുകൊണ്ടാകാം. സാമുദായിക അടിസ്ഥാനത്തിലാണോ താൻ തഴയപ്പെട്ടത് എന്നതിൽ നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും അബിൻ പ്രതികരിച്ചു.
കഴിഞ്ഞ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ 1.70 ലക്ഷത്തോളം വോട്ടാണ് തനിക്ക് ലഭിച്ചത്. അന്ന് രണ്ടാം സ്ഥാനത്തെത്തി. വോട്ട് ചേർക്കുന്നതിനൊക്കെയായി 80 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. തന്നെക്കൊണ്ട് കഴിയുന്നതുപോലെ പാർടി ആവശ്യപ്പെട്ടപ്രകാരം പ്രവർത്തിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ പ്രവർത്തിക്കാനാകണം എന്നാണ് ആഗ്രഹിച്ചതെന്നും അബിൻ പറഞ്ഞു.
ലൈംഗിക പീഡന, ഗർഭഛിദ്ര ആരോപണങ്ങളെതുടർന്ന് പുറത്തായ രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനായി ഒ ജെ ജനീഷിനെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം നിയമിച്ചത്. രണ്ടു മാസംനീണ്ട ഗ്രൂപ്പുപോരിനും വടംവലിക്കും ഒടുവിലാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രമേശ് ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്റെയും കടുത്ത എതിർപ്പ് അവഗണിച്ചാണ് നിയമനം.
രണ്ടുവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിലാണ് മാങ്കൂട്ടത്തിൽ പ്രസിഡന്റായത്. ഇൗ തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന് വിജിലൻസ് കോടതിയും ഉത്തരവിട്ടിരുന്നു. മാങ്കൂട്ടത്തിൽ രാജിവച്ചതോടെ അബിനെ അധ്യക്ഷനാക്കാൻ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വാദിച്ചെങ്കിലും ഫലിച്ചില്ല.
വയനാട് ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ തൃശൂരിൽ സമ്മാന കൂപ്പൺ അടിച്ച് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണം നേരിടുന്നയാളാണ് ജനീഷ്. പിരിച്ചെടുത്ത തുകയിൽനിന്ന് 18 ലക്ഷത്തോളം രൂപ ജനീഷ് തട്ടിയെന്ന് കാണിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിക്ക് തൃശൂർ ഡിസിസി അംഗം പരാതി നൽകിയിരുന്നു.










0 comments