print edition അഭിമന്യു കൊലക്കേസ്: കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കൂസലില്ലാതെ പ്രതികൾ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണനടപടികൾക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് കുറ്റപത്രം വായിച്ചത്. 16 പ്രതികളും ഹാജരായിരുന്നു.
ക്യാന്പസ് ഫ്രണ്ട്– പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ജെ ഐ മുഹമ്മദ്, ആരിഫ് ബിൻ സലിം, റിയാസ് ഹുസൈൻ, ബിലാൽ സജി, ഫറൂഖ് അമാനി, പി എം റെജീബ്, അബ്‌ദുൾ നാസർ, ആദിൽ ബിൻ സലിം, ഷിഫാസ്, സഹൽ, ജിസാൽ റസാഖ്, മുഹമ്മദ് ഷഹിം, സനീഷ്, ഫായിസ്, തൻസിൽ, സനിദ് എന്നിവരാണ് പ്രതികൾ. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് തൊപ്പിയും മാസ്‌കും ധരിച്ച് വളരെ നേരത്തെ പ്രതികൾ കോടതിവളപ്പിൽ പ്രവേശിച്ചിരുന്നു. കുറ്റപത്രം വായിച്ചപ്പോൾ മാത്രമാണ് ഇത് അഴിച്ചത്. വായന പൂർത്തിയായ ഉടൻ തിരികെ ഇവ ധരിച്ചു.
അഭിമന്യുവിനെ എങ്ങനെയാണ് അതിക്രൂരമായി കൊന്നതെന്നതടക്കം കുറ്റപത്രത്തിലുണ്ടായി. വായിച്ചതെല്ലാം കേട്ടോയെന്ന ജഡ്‌ജി കെ കെ ബാലകൃഷ്‌ണന്റെ ചോദ്യത്തോട് കേട്ടെന്ന് പ്രതികരിച്ച പ്രതികൾ കുറ്റങ്ങളെല്ലാം നിഷേധിച്ചു. അന്വേഷണത്തിൽ കണ്ടെത്തിയതും വിസ്‌താരത്തിന് ആവശ്യമില്ലാത്തതുമെന്ന് കണക്കാക്കിയ സാക്ഷികൾ, രേഖകൾ, തൊണ്ടിമുതൽ എന്നിവയുടെ പട്ടിക 24ന് സമർപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.
സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലർ ഫ്രണ്ട്– ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. 16 പ്രതികളും അറസ്റ്റിലായിരുന്നു. 2018 സെപ്തംബർ 25ന് കേസിൽ കുറ്റപത്രം സമർപ്പിച്ചതാണ്.










0 comments