മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം; അഭിമന്യു കൊലക്കേസ് വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രതികൾ. പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടാൽ ഇവയുടെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഇവരുടെ ഭാവിയെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി പ്രതികൾ രംഗത്തെത്തിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് 16 പ്രതികൾ ഹർജി നൽകിയത്. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫണ്ട് പ്രവർത്തകരായ പ്രതികളുടേതാണ് ആവശ്യം. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടം അനുവദിക്കരുതെന്നും ആവശ്യമുണ്ട്.
കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്.
ജെ ഐ മുഹമ്മദ്, ആരിഫ് ബിൻ സലിം, റിയാസ് ഹുസൈൻ, ബിലാൽ സജി, ഫറൂഖ് അമാനി, പി എം റെജീബ്, അബ്‌ദുൾ നാസർ, ആദിൽ ബിൻ സലിം, ഷിഫാസ്, സഹൽ, ജിസാൽ റസാഖ്, മുഹമ്മദ് ഷഹിം, സനീഷ്, ഫായിസ്, തൻസിൽ, സനിദ് എന്നിവരാണ് പ്രതികൾ. പ്രതികൾക്കെതിരെ 2018 സെപ്തംബർ 25നാണ് കുറ്റപത്രം സമർപ്പിച്ചത്.









0 comments