ad
Deshabhimani

മുനമ്പം വിഷയത്തിൽ സാമുദായിക സ്പർദ്ധ വളർത്താൻ മുഖ്യമന്ത്രി നുണ പറയുന്നു: എ.എ റഹീം എംപി

A A Rahim
വെബ് ഡെസ്ക്

Published on May 26, 2026, 06:15 PM | 1 min read

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിൽ സാമുദായിക ഭിന്നതയുണ്ടാക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ എഎ റഹീം എംപി.


മുൻ എൽഡിഎഫ് സർക്കാർ വഖഫ് ബോർഡ് പോർട്ടലിൽ ഭൂമി രജിസ്റ്റർ ചെയ്ത് പുതിയ സർക്കാരിന് 'പണി' തന്നതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പ്രശ്നം പത്ത് മിനിറ്റുകൊണ്ട് പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞ സതീശൻ, ഇപ്പോൾ അധികാരം കിട്ടിയപ്പോൾ വാക്ക് മാറ്റുകയാണെന്നും റഹീം കുറ്റപ്പെടുത്തി. മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ചേർത്തത് എൽഡിഎഫ് സർക്കാരിന്റെ കാലത്തല്ല, മറിച്ച് യുഡിഎഫ് ഭരണകാലത്താണെന്ന് വ്യക്തമാക്കുന്ന രേഖകൾ എഎ റഹീം പുറത്തുവിട്ടു.


25.05.2019 ലാണ് ഈ ഭൂമി രജിസ്റ്റർ ചെയ്യപ്പെട്ടത്. അന്ന് വഖഫ് ബോർഡിൽ പ്രവർത്തിച്ചിരുന്നവരെല്ലാം യുഡിഎഫ് അനുകൂലികളായിരുന്നുവെന്നും റഷീദ് അലി തങ്ങളായിരുന്നു അന്നത്തെ വഖഫ് ബോർഡ് ചെയർമാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള 'ഉമീദ്' (Umeed) പോർട്ടലിൽ വിവരങ്ങൾ പുതുതായി രജിസ്റ്റർ ചെയ്യുകയല്ല മുൻ സർക്കാർ ചെയ്തത്. നിലവിലുള്ള വഖഫ് രേഖകൾ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യുക മാത്രമാണ് അവസാന ഘട്ടത്തിൽ നടന്നത്.


വഖഫ് ഭൂമിയാണെന്ന് തെളിഞ്ഞാൽ അവിടെയുള്ള താമസക്കാർ കയ്യേറ്റക്കാരാകുമെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് റഹീം പറഞ്ഞു. മുനമ്പത്തെ സാധാരണക്കാരായ താമസക്കാരെ സംരക്ഷിക്കുന്നതിനും മതസൗഹാർദ്ദം നിലനിർത്തുന്നതിനും വേണ്ടിയുള്ള എന്ത് തീരുമാനത്തെയും എൽഡിഎഫ് സ്വാഗതം ചെയ്യും.


എന്നാൽ ഇതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനും സാമുദായിക ധ്രുവീകരണത്തിനും മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകുന്നത് കേരളത്തിന് ആപത്താണെന്നും എഎ റഹീം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home