print edition മോദി ബ്രാൻഡിങ്; മലയാളിയുടെ ആത്മാഭിമാനത്തിന് ചാപ്പയടിക്കാൻ കെ എം ഷാജി കൂട്ട്

തിരുവനന്തപുരം: നരേന്ദ്ര മോദിക്കുവേണ്ടി മലയാളികളുടെ ആത്മാഭിമാനത്തിൽ ചാപ്പയടിക്കാൻ മന്ത്രി കെ എം ഷാജി വരേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം. പിഎംഎവൈ അർബൻ പദ്ധതിയിൽ മോദി സർക്കാരിന്റെ ബ്രാൻഡിങ് നടപ്പാക്കാമെന്ന ഷാജിയുടെ നിലപാടിൽ പി കെ കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗും യുഡിഎഫും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.മനസ്സിന്റെ ചുവരിൽ വളരെ പണ്ടേ മോദിയെ ഒട്ടിച്ചയാളാണ് കെ എം ഷാജി.
അദ്ദേഹത്തിന്റെ തങ്ങൾ പാണക്കാടല്ല, നാഗ്‌പുരിലാണ്. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയ നേതാവാണ് ഷാജി.
മലയാളികളുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ മോദിബ്രാൻഡിങ്ങിനെതിരെ ഇടതുപക്ഷ എംപിമാർ പാർലമെന്റിൽ കേന്ദ്രസർക്കാരിനോട് ഏറ്റുമുട്ടിയിരുന്നു. ഇൗ ചാപ്പയടി കേരളത്തിൽ അനുവദിക്കില്ലെന്ന് എൽഡിഎഫ് സർക്കാരും നിലപാടെടുത്തിരുന്നു. ലൈഫ് പദ്ധതിയിൽ നൽകിയ ഒരു വീടിനും പിണറായി സർക്കാർ ലോഗോ പതിപ്പിക്കാൻ നിർദേശിച്ചിരുന്നില്ല.
എൽഡിഎഫ് സർക്കാർ മലയാളികളുടെ ആത്മാഭിമാനം സംരക്ഷിച്ചപ്പോൾ യുഡിഎഫ് അത് മോദിയുടെ അൽപ്പത്തത്തിനു മുന്നിൽ അടിയറവ് വയ്‌ക്കുകയാണ്. സർക്കാരിന്റെ നിലപാട് ഇതുതന്നെയാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും എ എ റഹിം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി അനൂപ്, ട്രഷറർ വി എസ് ശ്യാമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments