കേന്ദ്രം പ്രവാസികളോട് ചെയ്യുന്നത് മനുഷ്യത്വരഹിത അവഗണന : എ വിജയരാഘവൻ

തിരുവനന്തപുരം
ക്ഷേമ പദ്ധതിക്ക് കേന്ദ്രവിഹിതം ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് കേരള പ്രവാസി സംഘം രാജ്‌ഭവനു മുന്നിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. സമരം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു. കേന്ദ്രം പ്രവാസികളോട് ചെയ്യുന്നത് മനുഷ്യത്വരഹിതമായ അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ബജറ്റ് പ്രസംഗത്തിലെവിടെയും പ്രവാസിയുടെ ജീവിത സുരക്ഷയെ സഹായിക്കുന്ന ഒരു വാക്കോ പദ്ധതിയോ ഇല്ല. പ്രവാസി ക്ഷേമനിധിയും പെൻഷനും നൽകുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. എന്നാൽ കേരളം നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ വിഹിതം കുറവാണെന്നും എ വിജയരാഘവൻ പറഞ്ഞു. ചടങ്ങിൽ സംഘം ജില്ലാ പ്രസിഡന്റ് എം നാസർ പൂവച്ചൽ അധ്യക്ഷനായി.
പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സലീം പള്ളിവിള അഭിവാദ്യം ചെയ്തു. കാതലായ മുദ്രാവാക്യം ഉയർത്തിയാണ് കേരള പ്രവാസി സംഘം പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും കേരള പ്രവാസി സംഘവുമായി ചേർന്ന് സമരം ചെയ്യാൻ പ്രവാസി കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ സ്പീക്കർ എം വിജയകുമാർ, മുതിർന്ന സിപിഐ എം നേതാവ് ആനാവൂർ നാഗപ്പൻ, സംഘം സംസ്ഥാന ട്രഷറർ കെ സി സജീവ് തൈക്കാട്, ജില്ലാ സെക്രട്ടറി ബി എൽ അനിൽകുമാർ എന്നിവർ സംസാരിച്ചു. ബുധൻ രാവിലെ 11 ന് നടക്കുന്ന സമാപന സമ്മേളനം വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്യും.









0 comments