ad
Deshabhimani

എ രാമചന്ദ്രൻ മ്യൂസിയം 
മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചു

a ramachandran museum
avatar
എം അനിൽ

Published on Oct 06, 2025, 02:53 AM | 2 min read


കൊല്ലം

സാംസ്‌കാരിക വകുപ്പും ലളിതകലാ അക്കാദമിയും കൊല്ലത്ത്‌ ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഒരുക്കിയ വിഖ്യാത ചിത്രകാരൻ എ രാമചന്ദ്രൻ മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. മുന്നൂറ്‌ കോടിയിലേറെ രൂപ വിപണി മുല്യമുള്ള എ രാമചന്ദ്രന്റെ കലാസൃഷ്‌ടികളാണ്‌ മ്യൂസിയത്തിലുള്ളത്‌.


ഞായറാഴ്ച സാമൂഹ്യ പ്രവർത്തകരും പ‍ൗരാവലിയും ചിത്രകാരന്മാരും വിദ്യാർഥികളും ജനപ്രതിനിധികളും പങ്കെടുത്ത പ്ര‍ൗഢഗംഭീരമായ ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രി കെ എൻ ബാലഗോപാൽ പൊതുജനങ്ങൾക്കായി മ്യൂസിയം തുറന്നുകൊടുത്തു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കൊല്ലം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ എന്നിവരും എത്തിയിരുന്നു. എ രാമചന്ദ്രന്റെ ഭാര്യയും ചിത്രകാരിയുമായ ചമേലി രാമചന്ദ്രൻ, മക്കളായ രാഹുൽ രാമചന്ദ്രൻ, സുജാത രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.


ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്‌ സ്വാഗതംപറഞ്ഞു. ചമേലി രാമചന്ദ്രൻ, രാഹുൽ രാമചന്ദ്രൻ, സുജാത രാമചന്ദ്രൻ എന്നിവരെ എം എ ബേബിയും മ്യൂസിയം രൂപകൽപ്പനചെയ്‌ത ശിൽപ്പികളെ മന്ത്രി കെ എൻ ബാലഗോപാലും ആദരിച്ചു. മെർക്കന്റൈസിങ് വിഭാഗം മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്‌തു. എം മുകേഷ് എംഎൽഎ കാറ്റലോഗും എം നൗഷാദ് എംഎൽഎ മ്യൂസിയം വെബ്സൈറ്റും പ്രകാശിപ്പിച്ചു. കുട്ടികൾക്കായി രാമചന്ദ്രനും ചമേലിയും രചിച്ച് കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരച്ച അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപന്‌ നൽകി കലക്‌ടർ എൻ ദേവിദാസ്‌ നിർവഹിച്ചു. സാംസ്കാരികവകുപ്പ് സെക്രട്ടറി രാജന്‍ എന്‍ ഖൊബ്രഗഡേ, ഡയറക്ടര്‍‍ ദിവ്യ എസ് അയ്യര്‍, അക്കാദമി സെക്രട്ടറി എബി എൻ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.


മിഴി തുറന്നു; 
കാഴ്ചയുടെ വിസ്മയം

വിഖ്യാതചിത്രകാരൻ എ രാമചന്ദ്രന്റെ പേരിലുള്ള മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചതോടെ മിഴി തുറന്നത് കാഴ്ചയുടെ വിസ്മയം. കലയും ആധുനിക സാങ്കേതിക വിദ്യയും കോർത്തിണക്കിയാണ് രണ്ടു നിലയിലായി മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. മ്യൂസിയം തുറന്നുനൽകുന്നത്‌ പെയിന്റിങ്ങിന്റെയും ശിൽപ്പങ്ങളുടെയും മാസ്മരികലോകം. എ രാമചന്ദ്രന്റെയും അദ്ദേഹത്തിന്റെ സഹധർമിണി ചമേലിയുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ മനം കവരും.

300കോടി രൂപ വിലമതിക്കുന്ന പെയിന്റിങ്ങുകൾ സൗജന്യമായാണ് എ രാമചന്ദ്രന്റെ കുടുംബം മ്യൂസിയത്തിനായി സർക്കാരിന്‌ കൈമാറിയത്. പെൻസിൽ ഡ്രോയിങ്, ജലച്ചായം, ഓയിൽ പെയിന്റിങ് എന്നിവയ്ക്ക് പുറമെ ശില്‍പ്പങ്ങളും മിനിയേച്ചറുകളും ഒരുക്കിയിട്ടുണ്ട്.


പെയിന്റിങ്ങിന് 
ഇൻഫ്രാറെഡ് സുരക്ഷ

​എ രാമചന്ദ്രൻ മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുള്ള പെയിന്റിങ്ങുകൾക്ക്‌ ഒരുക്കിയിരിക്കുന്നത് ഇൻഫ്രാറെഡ് സുരക്ഷാ സംവിധാനം. പെയിന്റിങ്ങുകളിൽ ആരെങ്കിലും സ്പർശിക്കാൻ ശ്രമിച്ചാൽ ചുമരിൽ സ്ഥാപിച്ചിട്ടുള്ള ഇൻഫ്രാ റെഡ് കിരണങ്ങൾ മൂന്ന് ഭാഷകളിൽ മുന്നറിയിപ്പ് നൽകും. ശില്‍പങ്ങൾക്കും ഐആർ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പുറമെ നിരീക്ഷണ ക്യാമറയും ലളിതകലാ അക്കാദമിയുടെ ജീവനക്കാരും പെയിന്റിങ്ങുകൾക്ക് സമീപം ഉണ്ടാകും. ഐആർ വഴിയുള്ള മുന്നറിയിപ്പുകൾ റിസപ്ഷനിൽ ഉള്ളവർക്കും മറ്റ് അധികൃതർക്കും അറിയാനാകും. വാതില്‍, ലിഫ്റ്റ് എന്നിവ സെൻസർ വഴിയാണ് പ്രവർത്തിക്കുക. ടിക്കറ്റിനൊപ്പം ലഭിക്കുന്ന ക്യൂആർ കോഡ് കാണിച്ചാൽ മാത്രമേ ലിഫ്റ്റ് പ്രവർത്തിപ്പിക്കാനാകൂ.


ടിക്കറ്റ് നിരക്ക് ​
മ്യൂസിയം സന്ദർശിക്കുന്നവർക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 25 രൂപയും. ടിക്കറ്റിനൊപ്പം മ്യൂസിയത്തിന്റെ ലഘുവിവരണവും വെബ്സൈറ്റ് ലിങ്കും ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home