റോസമ്മ ഇനിയും ജീവിക്കും, അഞ്ചു പേരിലൂടെ; അവയവങ്ങൾ ദാനം ചെയ്തു

റോസമ്മ ഉലഹന്നാന്
കോട്ടയം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മ ഉലഹന്നാന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്തു. കോട്ടയം പാല മുണ്ടുപാലം പുത്തേട്ടുകുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന്റെ (66) രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലങ്ങളും കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലേയും മറ്റൊരു വൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേയും കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലേയും രോഗികൾക്കാണ് നൽകിയത്.
തീവ്ര ദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. റോസമ്മ ഉലഹന്നാന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. നവംബർ അഞ്ചിന് രാത്രി 10.30ന് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടൻ പാലയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം കാരിത്താസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. നവംബർ പതിനൊന്നിന് മസ്തിഷ്കമരണം സംഭവിച്ചതോടെ കുടുംബങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനന്റെ (കെ- സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്.









0 comments