ad
Deshabhimani

print edition ഓഖി ബാധിതരെ ചേർത്തുപിടിച്ച മാതൃക: അന്ന്‌ അനാസ്ഥയുണ്ടായില്ല; സഹായം മുടങ്ങിയില്ല

okhi
avatar
സ്വന്തം ലേഖകൻ

Published on Aug 12, 2026, 01:00 AM | 1 min read

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിൽ തകർന്ന ജീവിതങ്ങളെ ചേർത്തുപിടിച്ച കാലം തീരജനതയുടെ മനസ്സിലുണ്ട്‌. ദുരന്തബാധിത കുടുംബങ്ങളിലെ കുട്ടികളുടെ പഠനത്തിന്‌ എൽഡിഎഫ്‌ സർക്കാർ പ്രത്യേക പാക്കേജ്‌ തയ്യാറാക്കി. 143 മത്സ്യത്തൊഴിലാളി കുടുംബത്തിലെ 387 വിദ്യാർഥികളുടെ പ്രീ﹣പ്രൈമറിമുതൽ ഉന്നത വിദ്യാഭ്യാസംവരെ പഠനം സർക്കാർ ഏറ്റെടുത്തു. എന്നാൽ സുനാമി ദുരന്തനാളുകൾക്ക്‌ സമാനമായ അനാസ്ഥ ആവർത്തിക്കുകയാണ്‌ ഇപ്പോഴത്തെ യുഡിഎഫ്‌ സർക്കാർ. മഴക്കെടുതിയിൽ മുപ്പതിലേറെ മരണമുണ്ടായിട്ടും മൂന്നുപേരെ കടലിൽ കാണാതായി 12 ദിവസമായിട്ടും കാര്യമായ ഇടപെടലില്ല. ​


2017 നവംബർ 30ന്‌ ഓഖി ചുഴലിക്കാറ്റ്‌ 52 പേരുടെ ജീവനെടുത്തു. 104 പേരെ കാണാതായി. കാണാതായവരെ മരിച്ചവരായി കണക്കാക്കി 22 ലക്ഷം രൂപ നൽകി. മത്സ്യത്തൊഴിലാളികളെ കൂടെനിർത്തിയായിരുന്നു എൽഡിഎഫ്‌ സർക്കാരിന്റെ രക്ഷാപ്രവർത്തനം. ഡിസംബർ എട്ടിന്‌ സർവകക്ഷി യോഗംചേർന്നു. മത്സ്യത്തൊഴിലാളി സംഘടനകളെയും വിളിച്ചുചേർത്തു. നാവികസേനയുടെ 15 കപ്പലും ഏഴ്‌ ഹെലികോപ്‌റ്ററും നാലുവിമാനവും ഉപയോഗിച്ചു.


കലക്ടർമാർക്ക്‌ 24.83 കോടി നൽകി. സമുദ്ര മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ രണ്ടായിരം രൂപ വീതം നൽകാൻ 33.95 കോടി അനുവദിച്ചു. കേന്ദ്ര നിയമമാണെങ്കിലും സംസ്ഥാന അധികാരമുപയോഗിച്ച്‌ ചട്ടങ്ങളിൽ ഇളവുവരുത്തിയായിരുന്നു ധനസഹായം. കാണാതായവരുടെ കുടുംബങ്ങൾക്ക്‌ തുക ലഭിക്കുംവരെ പ്രതിമാസം 10,000 രൂപ വീതവും ഗുരുതര പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതവും അനുവദിച്ചു. കുടുംബത്തിലെ ഒരാൾക്ക്‌ ജോലി നൽകി. ഫിഷറീസ്‌ വകുപ്പ്‌ 21.69 കോടി വിതരണംചെയ്‌തു. സ‍ൗജന്യ റേഷൻ നൽകി. വള്ളം, വല തുടങ്ങിയവ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പുതിയവ വാങ്ങാൻ തുക അനുവദിച്ചു.


അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ പ്രതീക്ഷ, കാരുണ്യ, സഫല എന്നീ മറൈൻ ആംബുലൻസുകൾ സജ്ജമാക്കി. 200 മത്സ്യത്തൊഴിലാളികൾക്ക്‌ പ്രത്യേകം പരിശീലനം നൽകി രക്ഷാപ്രവർത്തനത്തിന്‌ സന്നദ്ധരാക്കി. കാലാവസ്ഥാ മുന്നറിയിപ്പുകൾ വേഗത്തിലെത്തിക്കാനും സംവിധാനമൊരുക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home