print edition ദേശീയപാതയിൽ അഗാധഗർത്തം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ചേർത്തല 11–ാം മൈൽ ജങ്‌ഷന് സമീപം ദേശീയപാതയിൽ രൂപപ്പെട്ട ഗർത്തം
ചേർത്തല : ദേശീയപാതയിൽ ചേർത്തല 11–ാം മൈൽ ജങ്‌ഷന് സമീപം അഗാധഗർത്തം. അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്. ചൊവ്വ വൈകിട്ട് ആറോടെയാണ് ജങ്‌ഷനിലെ അടിപ്പാതയുടെ സമീപ മേൽപ്പാതയിൽ ഗർത്തം രൂപപ്പെട്ടത്. കെഎസ്‌ആർടിസി ബസ് കടന്നുപോയി നിമിഷങ്ങൾക്കം റോഡ് ആഴത്തിലിടിഞ്ഞു. പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരൻ നിർത്തി അപകട മുന്നറിയിപ്പ് നൽകി.
വാഹനം ആഴത്തിലേക്ക് പതിക്കാൻപോന്ന വ്യാപ്‌തിയിലാണ് ഗർത്തം. നാല് മീറ്ററോളം വ്യാസവും 10 അടിയോളം ആഴവും ഉണ്ട്. നാട്ടുകാർ പാഴ്‌വസ്‌തുക്കൾ നിരത്തി അപകടം ഒഴിവാക്കി. ദേശീയപാത അതോറിട്ടി അധികൃതരെത്തി ഗതാഗതം മറുവശത്തെ പാതയിലൂടെയാക്കി ഗർത്തമടക്കാൻ തുടങ്ങിയെങ്കിലും നാട്ടുകാർ പ്രതിഷേധവുമായെത്തി.
ഗർത്തം മണ്ണിട്ട് നികത്താൻ കരാറുകാരുടെ നീക്കം സിപിഐ എം നേതൃത്വത്തിൽ തടഞ്ഞു. അധികൃതരെത്തി പരിശോധിച്ചശേഷമേ തുടർനടപടിയാകാവൂ എന്നതായിരുന്നു ആവശ്യം. പൊലീസുമായുള്ള ചർച്ചയിൽ ആവശ്യം അംഗീകരിച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ, കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി ബി സലിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.









0 comments