40 വർഷം മുന്‍പ് നടത്തിയ കൃത്യം പ്രതി തുറന്നുപറഞ്ഞ സംഭവം; കൂടരഞ്ഞി കൊലപാതകത്തില്‍ നിർണായക കണ്ടെത്തൽ

മുഹമ്മദാലി
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ 40 വർഷങ്ങൾക്ക് മുൻപ് നടത്തിയ കൊലപാതകം പ്രതി തുറന്നുപറഞ്ഞ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കൊല്ലപ്പെട്ടവരിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു.
മലപ്പുറം, വേങ്ങര സ്വദേശി മുഹമ്മദാലിയാണ് താൻ രണ്ട് കൊലപാതകങ്ങൾ നടത്തിയെന്ന് കഴിഞ്ഞ വർഷം പൊലീസ് സ്റ്റേഷനിലെത്തി തുറന്നുപറഞ്ഞത്. 1986 ൽ കൂടരഞ്ഞിയിലും 1989 ൽ വെള്ളയിൽ ബീച്ചിൽ വെച്ചും താൻ രണ്ട് കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. കൊലപാതകങ്ങളിൽ കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി മോഹനനെന്ന് തിരുവമ്പാടി പൊലീസ് കണ്ടെത്തി.
പതിനാലാം വയസിലാണ് താൻ കൊല നടത്തിയതെന്നും തനിക്കെതിരെ ലൈംഗികാതിക്രമത്തിന് മുതിർന്നയാളെ വെള്ളത്തിലേക്ക് തളളിയിട്ട ശേഷം തലചവിട്ടിത്താഴ്ത്തിയെന്നാണ് മുഹമ്മദാലി പൊലീസിനോട് പറഞ്ഞത്. പ്രതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 1980 കളുടെ മധ്യത്തിൽ കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും തുടർന്ന് നടത്തിയ ശാസ്ത്രീയ കണ്ടെത്തലുകളിലൂടെ മരിച്ചത് മോഹനനാണെന്ന് കണ്ടെത്തുകയും ചെയ്തു. മുഹമ്മദാലി കൊലപ്പെടുത്തിയ രണ്ടാമത്തെയാളെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഉടൻ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.










0 comments