9 സെക്കൻഡ് മതി, കെട്ടിട നിർമാണ അനുമതിയിൽ സ്മാർട്ടായി കേരളം

തിരുവന്തപുരം: കെട്ടിട നിർമാണ അനുമതി ലഭിക്കാൻ ഓഫീസുകൾ കയറി ഇറങ്ങിയ കാലം ഇനി മറക്കാം. 300 ചതുരശ്ര മീറ്റർവരെയുള്ള ബിൽഡിങ് പെർമിറ്റുകൾ കെ സ്മാർട്ട് വഴി അപേക്ഷിച്ച ഉടൻ കൈയിലെത്തും. പെർമിറ്റ് ലഭിക്കാനെടുക്കുന്ന ശരാശരി സമയം ഒമ്പത് സെക്കൻഡുമാത്രം. ഇങ്ങനെയുള്ള 28,393 പെർമിറ്റുകൾ വിതരണം ചെയ്തു. മുമ്പ് ഒരു മാസം വേണ്ടിയിരുന്ന പ്രക്രിയയാണ് ഇത്. ലൈസൻസ് പുതുക്കൽ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒരു മിനിറ്റിനകം സാധ്യമാകുന്ന സൗകര്യം വൈകാതെ കെ സ്മാർട്ടിൽ ലഭ്യമാകും. നിലവിൽ 15 ദിവസമാണ് വേണ്ടത്.
2024 ജനുവരിമുതൽ 2025 മാർച്ച് 31 വരെ കെ സ്മാർട്ടിലൂടെ ആകെ 35.65 ലക്ഷം ഫയലുകളാണ് കൈകാര്യം ചെയ്തത്. ഇതിൽ 26.98 ലക്ഷം ഫയലുകളും തീർപ്പാക്കി. 4.43 ലക്ഷം ഫയലുകൾ തീർപ്പാക്കിയത് ഒരു മണിക്കൂറിനുള്ളിലാണ്. 9.7 ലക്ഷം ഫയലുകൾ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കി. 1.63 ലക്ഷം ഫയലുകൾ തീർപ്പാക്കിയത് അവധി ദിനങ്ങളിലാണ്. പ്രവൃത്തി സമയത്തിനുശേഷം 3.5 ലക്ഷം ഫയലുകളാണ് തീർപ്പാക്കിയത്. പൊതുജനങ്ങൾക്ക് ഓരോ അപേക്ഷയും എവിടെ ആരുടെ പരിഗണനയിലാണെന്നും എത്ര സമയം ഓരോ സീറ്റിലും ഫയൽ താമസിക്കുന്നെന്നും കൃത്യമായി അറിയാനാകും. അപേക്ഷിക്കാൻ മാത്രമല്ല, സർട്ടിഫിക്കറ്റ് വാങ്ങാനും തദ്ദേശ സ്ഥാപന ഓഫീസിൽ പോകേണ്ടതില്ല. വാട്‌സാപ്പിൽ ലഭിക്കും.
വീഡിയോ കെവൈസിയിലൂടെ വധുവിനും വരനും ലോകത്ത് എവിടെയിരുന്നും ഏതു സമയത്തും വിവാഹം രജിസ്റ്റർ ചെയ്യാം. സംസ്ഥാനത്ത് 2024 ജനുവരിമുതൽ 2025 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത 63,001 വിവാഹത്തിൽ 21,344ഉം ഈ സൗകര്യം ഉപയോഗിച്ചാണ്. കെ സ്മാർട്ടിൽ കെട്ടിടം ലിങ്ക് ചെയ്താൽ ബിൽഡിങ് സർട്ടിഫിക്കറ്റ് അപേക്ഷയൊന്നും നൽകാതെതന്നെ ഡൗൺലോഡ് ചെയ്തെടുക്കാനാകും. മുമ്പ് നൽകിയിരുന്ന ഏഴു സർട്ടിഫിക്കറ്റിനു പകരമാണ് ഈ സർട്ടിഫിക്കറ്റ്. കരാറുകാർക്ക് ബില്ലുകൾ മാറിക്കിട്ടാൻ ഇനി തദ്ദേശ സ്ഥാപന ഓഫീസുകളിൽ കയറിയിറങ്ങണ്ട. കെഫ്റ്റ് (കെ സ്മാർട്ട് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) എന്ന ഡിജിറ്റൽ പേമെന്റ് സംവിധാനം വഴി ബില്ലുകൾ ഓൺലൈനായി നൽകാം. ഒരു മണിക്കൂറിനുള്ളിൽ കരാറുകാരുടെ അക്കൗണ്ടിൽ പണമെത്തും.










0 comments