ആലിൻ ഷെറിന്റെ കരൾ ആറുമാസം പ്രായമുള്ള കുഞ്ഞ് സ്വീകരിച്ചു; ശസ്ത്രക്രിയ വിജയം

ആലിൻ ഷെറിൻ എബ്രഹാം (വലത്)
തിരുവനന്തപുരം: ആറുമാസം പ്രായമുള്ള പെൺകുഞ്ഞായ ധ്രിയയ്ക്ക് തിരുവനന്തപുരം കിംസ്ഹെൽത്തിൽ അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. പത്ത് മാസം പ്രായമുള്ള മസ്തിഷ്കമരണം സ്ഥിതീകരിച്ച ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ കരളാണ് മാറ്റിവെച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് അവയവം ലഭ്യമായത്.
പ്രൈമറി ബിലിയറി അത്രേസിയ മൂലമുള്ള ഗുരുതര രോഗം കാരണം കുട്ടിയുടെ കരളിന്റെ പ്രവർത്തനം തകരാറിൽ ആയിരുന്നു. മൂന്ന് മാസം പ്രായമുള്ളപ്പോൾ മറ്റൊരു ആശുപത്രിയിൽ കാസായ് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ പിന്നീട് കരൾ പ്രവർത്തനം ക്രമേണ മോശമാകുകയും ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെക്കൽ നിർദേശിക്കപ്പെടുക ആയിരുന്നു.
വെള്ളി രാത്രി 10.30ന് ആരംഭിച്ച ശസ്ത്രക്രിയ ശനി രാവിലെ ആറ് മണിക്ക് വിജയകരമായി പൂർത്തിയാക്കി. കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണപ്പെടുന്നുണ്ടെന്ന് കിംസ് ആശുപത്രി അധികൃതർ അറിയിച്ചു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം വാഹനാപകടത്തിൽ പെടുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ചതിനുപിന്നാലെയാണ് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചത്.
കൊച്ചിയിൽനിന്ന് വെള്ളി രാത്രി തന്നെ അവയവങ്ങൾ തിരുവനന്തപുരത്തെത്തിച്ചു. ആലിന്റെ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്ക് നൽകും. ഹൃദയ വാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്.









0 comments