ad
Deshabhimani

യുവാക്കൾ തെരുവിലിറങ്ങി, കരുണാകരൻ വിറച്ചു; അധികാരഗർവിനെ തോൽപ്പിച്ച സമരവീര്യത്തിന്‌ 40 വർഷം

DYFI Protest Against K Karunakaran
avatar
ജോർജ്‌ ജോൺ

Published on Aug 17, 2026, 10:10 AM | 2 min read

തൃശൂർ: അധികാരഗർവിനെ തെരുവിൽ തടഞ്ഞിട്ട യുവതയുടെ സമരവീര്യത്തിന്‌ ഇന്ന്‌ 40 ആണ്ട്‌. 1986 ആഗസ്‌ത്‌ 17നായിരുന്നു ആ ചരിത്രസമരം. മുഖ്യമന്ത്രി കെ കരുണാകരൻ മിന്നൽ വേഗത്തിൽ യാത്ര ചെയ്‌തിരുന്ന ബെൻസ്‌ കാറിന്‌ മുന്നിലേക്ക്‌ ചാടിവീണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയുകയായിരുന്നു. സ്വന്തം തട്ടകത്തിൽ തനിക്കെതിരെയുയർന്ന സമരവീര്യത്തിന്‌ മുന്നിൽ മുഖ്യമന്ത്രി കരുണാകരൻ വിറച്ചു.


സമരമുഖങ്ങളിലെന്നും ജ്വലിക്കുന്ന ചരിത്രമാണ്‌ തൃശൂരിലെ ഡിവൈഎഫ്‌ഐക്കുള്ളത്‌. നൂറ്‌ കിലോമീറ്റർ വേഗത്തിൽ ചീറിപ്പാഞ്ഞ്‌ വന്ന കരുണാകരന്റെ കാറിന്‌ മുന്നിലേക്ക്‌ തൃശൂർ പാലസ്‌ റോഡിൽ വച്ചാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ എടുത്തുചാടിയത്‌. സർക്കാർ ജോലിയിലെ ഒഴിവിലേക്ക്‌ പിഎസ്‌സിയിൽനിന്ന്‌ നിയമനം നടത്തണമെന്നും പിൻവാതിൽ നിയമനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു 1986 ആഗസ്‌ത്‌ ഒന്ന്‌ മുതൽ "മന്ത്രിമാരെ തെരുവിൽ തടയൽ സമരം' ആരംഭിച്ചത്‌. മുഖ്യമന്ത്രി ഒഴികെയുള്ള മുഴുവൻ മന്ത്രിമാരെയും ജില്ലയിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും തടഞ്ഞു. കെ കരുണാകരനെ തടയാൻ അനുവദിക്കില്ലെന്നായിരുന്നു പൊലീസിന്റെ ഹുങ്ക്‌.


ചിങ്ങം ഒന്നിന്‌ ഗുരുവായൂർ സന്ദർശനം കഴിഞ്ഞ്‌ പകൽ മൂന്നിന്‌ തൃശൂർ പാലസ്‌ റോഡിലുണ്ടായിരുന്ന തൃശൂർ ഗവ. കോളേജിൽ ഉപഭോക്തൃ സമിതിയുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനാണ്‌ മുഖ്യമന്ത്രി എത്തിയത്‌. തൃശൂരിൽ കരുണാകരനെ തടയുമെന്ന്‌ ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചു. ഇതോടെ നഗരം മുഴുവൻ വൻ പൊലീസ്‌ സുരക്ഷയൊരുക്കി. അഴീക്കോടൻ സ്‌മാരക ഹാളിൽ കേന്ദ്രീകരിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രകടനമായി സ്വരാജ്‌ റ‍ൗണ്ടിലൂടെ നീങ്ങി. പാറമേക്കാവ്‌ ക്ഷേത്ര പരിസരത്തുവച്ച്‌ പൊലീസ്‌ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്‌തുനീക്കി.


dyfi blocked K Karunakaran in 1986 deshabhimani old news paperകെ കരുണാകരെ തെരുവിൽ തടഞ്ഞ സമരവാർത്തയുള്ള 1986 ആഗസ്‌ത്‌ 18 ലെ ദേശാഭിമാനി പത്രം


ഡിവൈഎഫ്‌ഐ പ്രവർത്തകരെ മുഴുവൻ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കിയെന്ന സ്‌പെഷ്യൽ ബ്രാഞ്ച്‌ പൊലീസ്‌ റിപ്പോർട്ട്‌ ലഭിച്ച ശേഷമാണ്‌ മുഖ്യമന്ത്രിയുടെ വാഹനം സ്വരാജ്‌ റ‍ൗണ്ടിലൂടെ പാലസ്‌ റോഡിൽ പ്രവേശിച്ചത്‌. എന്നാൽ, തൃശൂർ ബ്ലോക്ക്‌ കമ്മിറ്റി യോഗം ചേർന്ന്‌ കരുണാകരന്റെ വാഹനം തടയാൻ 25 പ്രവർത്തകരെ പ്രത്യേകം നിയോഗിച്ചിരുന്നു. ഡിവൈഎഫ്‌ഐ തൃശൂർ ബ്ലോക്ക്‌ സെക്രട്ടറി എ ജി വിജയൻ, ജോയിന്റ്‌ സെക്രട്ടറി ചെറിയാൻ ജോസഫ്‌, വൈസ്‌ പ്രസിഡന്റ്‌ ഇഗ്‌നേഷ്യസ്‌ അക്കര എന്നിവരുടെ നേതൃത്വത്തിലുള്ള 25 പ്രവർത്തകർ പാലസ്‌ റോഡിലെ ബസ്‌ സ്‌റ്റോപ്പിലും പരിസരത്തും ബസ്‌ കയറാനെന്ന ഭാവത്തിലെത്തി പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ നിലയുറപ്പിച്ചു. ചീറിപ്പാഞ്ഞുവന്ന മുഖ്യമന്ത്രിയുടെ കാറിന്‌ മുന്നിലേക്ക്‌ കൊടികൾ വീശി മുദ്രാവാക്യം വിളിച്ച്‌ പ്രവർത്തകർ ചാടിവീണു. ഡ്രൈവർ പെട്ടെന്ന്‌ കാർ വെട്ടിച്ചതിനാൽ സമരക്കാരെ ഇടിച്ച്‌ തെറിപ്പിച്ചില്ല. പിന്നീട്‌ പ്രവർത്തകരെ പൊലീസ്‌ അതിക്രൂരമായി തല്ലിച്ചതച്ചു. മുഖ്യമന്ത്രി കരുണാകരൻ പരിപാടി ഉപേക്ഷിച്ച്‌ രാമനിലയത്തിലേക്ക്‌ മടങ്ങി.


ഡിവൈഎഫ്‌ഐ സമരത്തിൽ ഭയന്ന കരുണാകരന്റെ രക്തസമ്മർദം വർധിച്ചു. ഡോക്‌ടർമാരെത്തി പരിശോധന നടത്തി. പിന്നീടും സമരം തുടർന്നു. ആഴ്‌ചകൾക്ക്‌ ശേഷം മുഖ്യമന്ത്രി ഡിവൈഎഫ്‌ഐ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ്‌ സമരത്തിന്‌ അവസാനമാകുന്നത്‌.


ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ തൃശൂർ വേദിയാകുമ്പോൾ നാലുപതിറ്റാണ്ട്‌ പിന്നിട്ട, സമരജ്വാല ഇന്നും പടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home