സംഘം പ്രസിഡന്റ് റിമാൻഡിൽ
കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തിൽ 3 കോടിയുടെ നിക്ഷേപത്തട്ടിപ്പ്


സ്വന്തം ലേഖകൻ
Published on Jun 24, 2026, 07:16 AM | 1 min read
തൃശൂർ : കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തിൽ വൻ നിക്ഷേപത്തട്ടിപ്പ്. മൂന്നു കോടിയിൽപ്പരംരൂപ നിക്ഷേപം സ്വീകരിച്ച് തിരികെ നൽകിയില്ല. മുപ്പതോളം പേരുടെ പരാതിയിൽ മണ്ണുത്തി പൊലീസ് കേസെടുത്തു. പറവട്ടാനിയിൽ പ്രവർത്തിക്കുന്ന ഒല്ലൂക്കര ടൗൺ പീപ്പിൾ വെൽഫെയർ കോ– ഓപ്പറേറ്റീവ് സൊസൈറ്റിയിൽ (ലിമിറ്റഡ് നമ്പർ ആർ 1402) പണം നിക്ഷേപിച്ചവരാണ് വഞ്ചിക്കപ്പെട്ടത്.
ഒരാൾക്ക് മാത്രം ഒരു കോടിയിൽപ്പരം രൂപ തിരിച്ച് ലഭിക്കാനുണ്ട്. പരാതിയെ തുടർന്ന് സംഘം പ്രസിഡന്റും കോൺഗ്രസ് തൃശൂർ ബ്ലോക്ക് മുൻ പ്രസിഡന്റുമായ പി സി തോമസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾ റിമാൻഡിലാണ്. എന്നാൽ മറ്റു പ്രതികളെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. മുപ്പതോളം പരാതികളുണ്ടെങ്കിലും ഒറ്റക്കേസായാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഇത് പ്രതികളെ സഹായിക്കാനാണെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു.
ബാങ്ക് സെക്രട്ടറി ഇഗ്‌നേഷ്യസ്, സംഘം ഭരണസമിതി അംഗങ്ങളായ ആന്റണി, ജോഷി, കെ ഒ ജോണി, പ്രദീപൻ, ഷാജി വി വടക്കൻ, ടി സി പോൾ, എ ടി റാഫേൽ, ജിജി ജോയ്, എൽസി ലോനപ്പൻ, വസന്തകുമാരി, സലീഷ് എന്നിവരാണ് മറ്റു പ്രതികൾ. നിക്ഷേപങ്ങൾക്ക് 9.25 ശതമാനം പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്. പിന്നീട് മെച്യുരിറ്റി സമയമായപ്പോൾ നിക്ഷേപകർ സൊസെറ്റിയിലത്തി പണം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. പ്രസിഡന്റുൾപ്പെടെയുള്ളവർ നിക്ഷേപം സ്വന്തം ആവശ്യങ്ങൾക്ക് ദുർവിനിയോഗം ചെയ്‌ത്, നിപേക്ഷകരെ മനഃപൂർവം വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി.









0 comments