ad
Deshabhimani

പരിസ്ഥിതി ലോല മേഖല: കേരളത്തിൽ വീണ്ടും ആശങ്ക; ജനവാസ മേഖലകളെ ഒഴിവാക്കാതെ കേന്ദ്രം

Western ghats.jpg
avatar
സ്വന്തം ലേഖകൻ

Published on Jun 24, 2026, 07:28 AM | 1 min read

ന്യൂഡൽഹി: പശ്‌ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകൾ (ഇഎസ്‌എ) നിർണയിക്കാനുള്ള കസ്‌തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാർ നീക്കങ്ങൾ തുടങ്ങിയതോടെ കേരളം വീണ്ടും കടുത്ത ആശങ്കയിൽ. ഇടുക്കി, വയനാട്‌ ജില്ലകളിലെ 31 വില്ലേജുകളെ പരിസ്ഥിതി ലോല പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന്റെ വിദഗ്‌ധസമിതി തള്ളിയെന്ന രീതിയിലുള്ള സൂചനകളാണ്‌ പുറത്തുവരുന്നത്‌.


ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ തുടങ്ങിയവയെ സംരക്ഷിച്ച്‌ വനമേഖലകളെ മാത്രം ഇഎസ്‌എ ആക്കിയാൽ മതിയെന്ന നിലപാടാണ്‌ കേരളം മുന്നോട്ടുവെച്ചത്‌. ഇതിനുവേണ്ടി,‍ കേരളത്തിലെ 9,993 ചതുരശ്ര കിലോമീറ്റർ ഇഎസ്‌എ പ്രദേശത്തിൽ നിന്നും ആയിരം ചതുരശ്ര കിലോമീറ്ററിൽ അധികം ചുരുക്കണമെന്നും കേരളം ആവശ്യപ്പെട്ടു.


എന്നാൽ,‍ കേരളത്തിൽ ഫീൽഡ്‌ സർവേ പോലും നടത്താതെ കേന്ദ്രസർക്കാരിന്റെ വിദഗ്‌ധസമിതി ഇ‍ൗ നിർദേശം തള്ളിയെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. പശ്‌ചിഘട്ട സംരക്ഷണത്തിനായുള്ള കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ കേരളം, തമിഴ്‌നാട്‌, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ ആറ്‌ സംസ്ഥാനങ്ങളിലെ 56,825 ചതുരശ്ര കിലോമീറ്റർ ഇഎസ്‌എയായി കണക്കാക്കണമെന്ന 2013ൽ കസ്‌തൂരിരംഗൻ സമിതി ശുപാർശ ചെയ്‌തിരുന്നു. ഇ‍ൗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ കരട്‌ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനങ്ങളുമായി സമവായമുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ 2022 വരെ കാര്യമായ തുടർനടപടികൾ ഒന്നും ഉണ്ടായില്ല. 2022ൽ ആറ്‌ സംസ്ഥാനങ്ങളുടെയും വിയോജിപ്പുകൾ കണക്കിലെടുത്ത്‌ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ വിദഗ്‌ധസമിതി രൂപീകരിച്ചു. കേരളം, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇതുവരെയും സമവായമുണ്ടായിട്ടില്ല. കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ ഒരുകാരണവശാലും നടപ്പാക്കാൻ കഴിയില്ലെന്നാണ്‌ കർണാടകത്തിന്റെ നിലപാട്‌. ഇ‍ൗ സാഹചര്യത്തിൽ, ഇ‍ൗ രണ്ട്‌ സംസ്ഥാനങ്ങളെയും ഒഴിവാക്കി അന്തിമവിജ്ഞാപനം ഇറക്കാനാണ്‌ കേന്ദ്രസർക്കാർ ആലോചിക്കുന്നത്‌. പശ്‌ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി ജനവാസ കേന്ദ്രങ്ങളെ ഇഎസ്‌ഐ പരിധിയിൽ ഉൾപ്പെടുത്തുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ ചൂണ്ടിക്കാണിച്ച്‌ പല സംസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home