കാസർകോട്‌ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

primary health centre
വെബ് ഡെസ്ക്

Published on Mar 21, 2025, 04:30 PM | 2 min read

കാഞ്ഞങ്ങാട്: കാസർകോട്‌ ജില്ലയിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി എൻക്യുഎഎസ് സർട്ടിഫിക്കേഷൻ. 95.58% സ്കോർ കരസ്ഥമാക്കി പടന്ന കുടുംബാരോഗ്യ കേന്ദ്രവും, 86.68% സ്കോർ കരസ്ഥമാക്കി ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രവും പുതുതായി എൻക്യുഎഎസ് അംഗീകാരം കരസ്ഥമാക്കി. 95.73% സ്കോർ നേടി വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം എൻ ക്യുഎഎസ് അംഗീകാരം നിലനിർത്തി. ഈ സ്ഥാപനത്തിന് 2022 വർഷത്തിൽ അംഗീകാരം ലഭിച്ചിരുന്നു. 8 വിഭാഗങ്ങളിലായി 6500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്.


ഇതോടെ ജില്ലയിൽ 13 ആരോഗ്യസ്ഥാപനങ്ങൾക്ക് എംക്യൂ എഎസ് അംഗീകാരം ലഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, ജില്ലാ ക്വാളിറ്റി നോഡൽ ഓഫീസർ ഡോ. പി വി അരുൺ എന്നിവരുടെ നേതൃത്വത്തിൽ ക്വാളിറ്റി അഷുറൻസ് ജൂനിയർ കൺസൾട്ടന്റുമാരായ നവ്യ നിക്ലവോസ്, പി ബി വിനീത എന്നിവരാണ് ഈ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി ഓരോ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകി, ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പുവരുത്തി, രോഗി സൗഹൃദ മായ ഭൗതിക സാഹചര്യം ഒരുക്കി, എല്ലാ ക്ലിനിക്കൽ സേവനങ്ങൾക്കും പ്രോട്ടോകോൾ തയ്യാറാക്കി വിവിധ ആരോഗ്യ പദ്ധതികളെ കുറിച്ച് ബോധവൽക്കരണം നടത്തി ഘട്ടം ഘട്ടമായിട്ടാണ് അംഗീകാരം സ്ഥാപനത്തിന് ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലാതലത്തിലും പിന്നീട് സംസ്ഥാനതലത്തിലും പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ദേശീയ അംഗീകാരം ലഭ്യമാകുന്നത്.


എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന എഫ്എച്ച്സി/ യുപിഎച്ച്സികള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആരോഗ്യ മേഖലയില്‍ ജില്ലാ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുതുതായി ഇത്രയും സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്നത്.


2026 ഡിസംബറിനകം 90% ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് എൻക്യുഎഎസ് അംഗീകാരം കരസ്ഥമാക്കാനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണ് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് അറിയിച്ചു. ജില്ലയിൽ 247 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആണ് ഉള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Home