അനധികൃത താമസം; കൊച്ചിയിൽ 27 ബംഗ്ലാദേശ് പൗരർ പിടിയിൽ

police
വെബ് ഡെസ്ക്

Published on Jan 31, 2025, 08:45 AM | 1 min read

കൊച്ചി: പൊലീസി​ന്റെ ഓപ്പറേഷൻ ക്ലീനി​ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശ് പൗരർ പിടിയിലായി. മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാമ്പിൽ താമസിച്ച് വരികയായിരുന്നു ഇവർ. പിടിയിലായവരിൽ സ്‌ത്രീകളുമുണ്ട്‌.


ബംഗ്ലാദേശ് ബരിസാൽ ചുങ്കല സ്വദേശി റുബിന (20), ശക്തിപുർ സ്വദേശി കുൽസും അക്തർ (23) എന്നിവരിൽനിന്ന് വ്യാജ ആധാർ കാർഡ് പൊലീസ്‌ കണ്ടെടുത്തു. 2024 ഫെബ്രുവരിമുതൽ രണ്ടുപേരും കേരളത്തിലുണ്ട്. അനധികൃതമായി അതിർത്തി കടന്ന് പശ്ചിമബംഗാളിലെത്തി അവിടെനിന്ന് ഏജ​ന്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികൾക്ക് ഇവിടെ സഹായം ചെയ്തവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതിൽ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു.


പിടിയിലായവരിൽ ചില‍ർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ്‌ ഓപ്പറേഷൻ ക്ലീൻ പദ്ധതി നടപ്പാക്കുന്നത്‌. പെരുമ്പാവൂർ ബംഗാൾ കോളനിയിൽനിന്ന്‌ തസ്ലീമ ബീഗമെന്ന യുവതിയാണ് ആദ്യം പിടിയിലായത്. അങ്കമാലിയിൽനിന്ന് ഹൊസൈൻ ബെലോർ, എടത്തലയിൽനിന്ന് മുഹമ്മദ് ലിട്ടൻ അലി, മുഹമ്മദ് ബപ്പി ഷോ, പെരുമ്പാവൂരിൽനിന്ന് മുഹമ്മദ് അമീൻ ഉദ്ദീൻ എന്നിവരെയും പിടികൂടി. ഇവരിൽനിന്ന് ആധാർ കാർഡ് ഉൾപ്പെടെ നിരവധി രേഖകളും പിടിച്ചെടുത്തു. അനധികൃതമായി ബംഗ്ലാദേശികൾ താമസിക്കുന്നതായി വിവരം ലഭിച്ചാൽ പൊലീസി​ന്റെ 99952 14561 എന്ന നമ്പറിൽ അറിയിക്കണം.














deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home