2023 ലെ സംസ്ഥാന കരകൗശല അവാര്‍ഡ് വിതരണം ചെയ്തു
കരകൗശല മേഖലയെ ശക്തിപ്പെടുത്താന്‍ വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി പി രാജീവ്

തിരുവനന്തപുരം: കരകൗശല മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വിപണി സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 2023 ലെ സംസ്ഥാന കരകൗശല അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരകൗശല രംഗത്ത് ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നും ഇതിന് വിപണി ശക്തിപ്പെടുത്തുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ഉള്‍പ്പെടെ പ്രയോജനപ്പെടുത്തണം. ഉത്പന്നങ്ങളുടെ മൂല്യവും പ്രാധാന്യവും തിരിച്ചറിഞ്ഞ് വില്‍പ്പന നടത്താനും വിപണിയിലേക്ക് പല രീതിയില്‍ ഇറങ്ങിച്ചെല്ലാനുമാകണം. ഇതിന് ആവശ്യമായ പരിശീലനം സംസ്ഥാന കരകൗശല കോര്‍പ്പറേന്‍റെയും വ്യവസായ ഡയറക്ടറേറ്റിന്‍റെയും നേതൃത്വത്തില്‍ കലാകാരന്മാർക്ക് നല്‍കും.
പരമ്പരാഗത, കരകൗശല ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി കൂടുതല്‍ വിപണന കേന്ദ്രങ്ങള്‍ തുടങ്ങാനാകുമെന്ന് മന്ത്രി പറഞ്ഞു. വിദേശികള്‍ ഉള്‍പ്പെടെ ധാരാളമായി എത്തുന്ന ടൂറിസം കേന്ദ്രങ്ങള്‍ കേരളത്തിന്‍റെ പരമ്പരാഗത ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി പ്രയോജനപ്പെടുത്താനാകും. ദേശീയപാതയുടെ വശങ്ങളിലെ സ്ഥലങ്ങള്‍ ഇതിന് പ്രയോജനപ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് ഈ പുരസ്കാരം. സംസ്ഥാനത്ത് കരകൗശല വ്യവസായം വികസിപ്പിക്കുന്നതിനും കരകൗശല വിദഗ്ധര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനുമായി 2015 മുതല്‍ക്ക് കരകൗശല അവാര്‍ഡ് നല്‍കിവരുന്നു. കരകൗശല വിദഗ്ധരുടെ മികച്ച സംഭാവനകള്‍, കരകൗശല വൈദഗ്ധ്യം, കരകൗശല വികസനം എന്നിവ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്.
ആന്‍റണി രാജു എംഎല്‍എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി എ ശശിധരന്‍ (ദാരുശില്‍പങ്ങള്‍), എ പ്രതാപ് (പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്‍പങ്ങള്‍), പി ബി ബിന്ദേഷ് (ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത കലാരൂപങ്ങള്‍), ജയകുമാരി എംഎല്‍ (ചരട്, നാട, കസവ് എന്നിവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍), ശെല്‍വരാജ് കെ.എ (ലോഹശില്‍പ്പങ്ങള്‍), മഹേഷ് പി (ചിരട്ട ഉപയോഗിച്ച് നിര്‍മിച്ച കലാരൂപങ്ങള്‍), സി പി ശശികല (വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ച കലാരൂപങ്ങള്‍) എന്നിവര്‍ക്കാണ് ഇത്തവണത്തെ സംസ്ഥാന പുരസ്കാരം ലഭിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. ഏഴ് വിഭാഗങ്ങളിലാണ് പുരസ്കാരം നല്‍കുന്നത്. സി ജി സിപിന്‍, സുലൈമാന്‍കുട്ടി, എം ആര്‍ അരവിന്ദാക്ഷന്‍, എസ് എസ് അശ്വിനി, ഗണേഷ് സുബ്രഹ്മണ്യം, നാഗപ്പന്‍ ആര്‍, രമേശന്‍ എംകെ എന്നിവര്‍ ഈ മേഖലകളിലെ മെറിറ്റ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. കെ എസ് കൃപകുമാര്‍, ജി രാജീവ്, വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ്, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് ഡയറക്ടര്‍ കെ എസ് അനില്‍കുമാര്‍ , ഹാന്‍റിക്രാഫ്റ്റ്സ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ലെനിന്‍ രാജ് കെ ആര്‍ എന്നിവര്‍ സംസാരിച്ചു.
Related News

0 comments