print edition 25 കോടിയുടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: മുഖ്യപ്രതിയടക്കം 2 പേർ ഹൈദരാബാദിൽ പിടിയിൽ

സത്യനാരായണമൂർത്തി, ടൈസൺ രാജു
കൊച്ചി: ഓൺലൈൻ ട്രേഡിങ് എന്ന പേരി ൽ എറണാകുളം സ്വദേശിയിൽനിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയടക്കം രണ്ടുപേർ ഹൈദരാബാദിൽ പിടിയിൽ. ഹൈദരാബാദ് സ്വദേശികളായ വ്യവസായി സത്യനാരായണമൂർത്തി (36), ഇയാളുടെ കന്പനിയിലെ ജീവനക്കാരൻ ടൈസൺ രാജു (32) എന്നിവരെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്. ഇവരെ ഞായർ രാത്രിയോടെ കൊച്ചിയിൽ എത്തിച്ചു. ഒരു ഹൈദരാബാദ് സ്വദേശികൂടി പിടിയിലാകാനുണ്ട്.
ഹൈദരാബാദ് കേന്ദ്രീകരിച്ച് നിർമാണ കമ്പനി നടത്തുന്ന വ്യവസായിയാണ് നാരായണമൂർത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തട്ടിയെടുത്ത തുകയിൽ ഏകദേശം 16 കോടി ആദ്യം ടൈസൺ രാജുവിന്റെ അക്കൗണ്ടിൽ വന്നു. ഇത് പിന്നീട് സത്യനാരായണമൂർത്തിയുടെ അക്കൗണ്ടിലേക്ക് എത്തുകയായിരുന്നു. ഇൗ അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സത്യനാരായണമൂർത്തിയിലേക്ക് എത്തിച്ചത്. 11 അംഗ സൈബർ അന്വേഷകസംഘം ഒരാഴ്ചയിലേറെയായി ഹൈദരാബാദിൽ ക്യാമ്പ് ചെയ്ത് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
പ്രധാന പ്രതികളായ കോഴിക്കോട് സ്വദേശികൾ പി കെ റഹീസ്, വി അൻസാർ, സി കെ അനീസ് റഹ്‌മാൻ, എറണാകുളം സ്വദേശി അജീഷ്, കൊല്ലം അഞ്ചൽ സ്വദേശിനി ജി സുജിത എന്നിവർ മുന്പ് അറസ്‌റ്റിലായിരുന്നു. ‘ക്യാപ്പിറ്റലിക്‌സ്’ എന്ന വെബ് സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 24,76,21,042 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്.
സത്യനാരായണ മൂർത്തിക്ക് കോൺഗ്രസ് ബന്ധം
എറണാകുളം സ്വദേശിയിൽനിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഹൈ ദരാബാദ് സ്വദേശിയായ വ്യവസായി സത്യനാരായണ മൂർത്തിക്ക് ഹൈദരാബാദിലെ ഉന്നത കോൺഗ്രസ് നേതാക്കളുമായി ബന്ധമെന്ന് വിവരം.
സത്യനാരായണ മൂർത്തിയുടെ അക്കൗണ്ടിലാണ് തട്ടിയെടുത്ത 24.76 കോടിയിലെ 16 കോടി രൂപയുമെത്തിയത്. ഈ പണം തന്റെ നിർമാണ കന്പനിയിലൂടെ വെളുപ്പിച്ചെടുക്കാനാണ് ഇയാൾ ശ്രമിച്ചതെന്നാണ് സൂചന. ഹൈദരാബാദിലെ സിലിക്കൺ സിറ്റിയിലടക്കം ഇയാൾ ബഹുനിലക്കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദ പരിശോധന നടത്തിവരികയാണ്.










0 comments