സർക്കാർ–എയ്‌ഡഡ് സ്‌കൂളുകളിൽ പുതിയ 1857 തസ്‌തിക; നിയമനം ഉടൻ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പുതിയ തസ്‌തിക നിർണയ പ്രകാരം സർക്കാർ–എയ്‌ഡഡ് സ്‌കൂളുകളിൽ 1857 പുതിയ തസ്‌തിക സൃഷ്‌ടിച്ചതോടെ കൂടുതൽ നിയമനം ഉടൻ നടക്കും. ഇതിൽ 655 അധിക തസ്‌തിക സർക്കാർ സ്‌കൂളുകളിലും 1202 അധിക തസ്‌തിക എയ്‌ഡഡ് സ്‌കൂളുകളിലുമാണ്. 2025–26 അധ്യയന വർഷത്തെ തസ്‌തിക നിർണയപ്രകാരമാണ് സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ പുതിയ അധ്യാപക തസ്‌തിക അനുവദിച്ചത്. അടുത്ത ദിവസം പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ അധ്യാപകരുടെ പുനർവിന്യാസ നടപടികൾ ആരംഭിക്കും.
പുനർവിന്യാസം പൂർത്തിയായാൽ മാത്രമേ കൃത്യമായി എത്ര ഒഴിവുകളുണ്ടെന്ന് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാനാകൂ. എങ്കിലും പ്രാഥമിക കണക്കുകൾ പ്രകാരം 500 ഓളം തസ്തികകൾ ഉടൻ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാനാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ, അർഹമായ തസ്തികകൾ കൃത്യസമയത്ത് അനുവദിക്കണമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടികൾ വേഗത്തിലാക്കിയത്.
പൊതുവിദ്യാലയങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകൾ ഒരു അധ്യയന വർഷത്തേക്കാണ് അനുവദിക്കുന്നത്. അതുകൊണ്ടു തന്നെ കെഇആർ അധ്യായം ഇരുപത്തി മൂന്ന് ചട്ടം 12 പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഓരോ അധ്യയന വർഷത്തെയും ആറാം പ്രവൃത്തി ദിനത്തിൽ യുഐഡി ഉള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തുവാനും തസ്തികകൾ അനുവദിക്കുവാനും സർക്കാർ ബാധ്യസ്ഥമാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായതിനാൽ, അധ്യാപകരെ അദ്ധ്യയനത്തിനായി നിയമിക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.
തസ്തികനിർണയം നടത്താൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ മുൻ വർഷത്തെ തസ്തികനിർണയം തന്നെ തുടർ വർഷങ്ങളിൽ ബാധകമാക്കുവാനും ചട്ടത്തിൽ വ്യവസ്ഥയുണ്ട്. കെഇആർ അധ്യായം ഇരുപത്തി മൂന്ന് ചട്ടം പന്ത്രണ്ടിൽ ആറ് പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ചെയ്യുന്ന അധിക തസ്തികകൾക്ക് അനുമതി നൽകുന്നത് സർക്കാർ ആണ്. അധിക തസ്തികകളുടെ പ്രാബല്യ തീയതി അതത് അക്കാദമിക വർഷം ഒക്ടോബർ ഒന്നു മുതലാണ്.










0 comments