print edition മുണ്ടക്കൈ ടൗൺഷിപ്: താമസത്തിന് 159 വീട് കൈമാറി

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി സർക്കാർ കൽപ്പറ്റയിൽ നിർമിച്ച ടൗൺഷിപ്പിൽ വ്യാഴാഴ്‌ച 14 വീടുകൂടി കൈമാറി. ഇതോടെ താമസത്തിന് വിട്ടുനൽകിയ വീടുകളുടെ എണ്ണം 159 ആയി. ഒന്നാം സോണിലെ ഇ ക്ലസ്റ്ററിൽ അഞ്ചും കെ ക്ലസ്റ്ററിൽ ഒമ്പതും വീടുമാണ് വ്യാഴാഴ്‌ച നൽകിയത്. ഒന്നാംഘട്ട ഉദ്‌ഘാടനത്തിൽ പട്ടയവും ഉടമസ്ഥാവകാശവും കൈമാറിയ 178 വീടുകളിൽ ഗുണഭോക്താക്കളുമായി ചേർന്നുള്ള പരിശോധന പൂർത്തിയാക്കിയാണ് വീടുകൾ നൽകുന്നത്. ഇതിൽ 19 വീടാണ് ഇനി താമസത്തിന് വിട്ടുകൊടുക്കാനുള്ളത്. വരുംദിവസങ്ങളിൽ ഇതുകൂടി നൽകും.
178 വീട് കൂടാതെ 159 വീടിന്റെ വാർപ്പ് പൂർത്തിയാക്കി. 15 എണ്ണത്തിന്റെ വാർപ്പ് ഉടൻ നടത്തും. 34 വീടുകൾക്ക് സ്ഥലമൊരുക്കി പ്രവൃത്തി ആരംഭിച്ചു. അഞ്ച് സോണായുള്ള 64.47 ഹെക്ടറിൽ 410 വീടാണ് നിർമിക്കുന്നത്. കൈമാറിയ വീടുകളിൽ ഗുണഭോക്താക്കൾ തീരുമാനിക്കുന്ന ദിവസംമുതൽ താമസം ആരംഭിക്കാം. ഒന്നാംഘട്ടത്തിലെ 178 വീട്ടിലും ഒന്നിച്ച് ഗൃഹപ്രവേശം നടത്താനാണ് അതിജീവിതരുടെ തീരുമാനം. ഫർണിച്ചർ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ വാങ്ങാൻ ഒരുലക്ഷം രൂപയും എൽഡിഎഫ് സർക്കാർ അനുവദിച്ചിരുന്നു.










0 comments