കയറ്റുമതിക്കാർ പ്രതിസന്ധിയിൽ
print edition ‘തണ്ണിമത്തൻ കുഴിച്ചുമൂടാൻ ദുബായിൽ ചെലവിട്ടത് ഒന്നരലക്ഷം’

കേടായ തണ്ണിമത്തൻ

സ്വന്തം ലേഖകൻ
Published on Apr 21, 2026, 12:01 AM | 1 min read
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ പഴവർഗം കയറ്റുമതിക്കാരും പ്രയാസത്തിൽ. ദുബായിലേക്ക് അയച്ച തണ്ണിമത്തൻ എത്താൻ ആഴ്‌ചകൾ വൈകിയോടെ തലസ്ഥാനത്തെ സിറ്റി ഫ്രെഷ് ഉടമയ്‌ക്ക് ബാധ്യതയായത് 21 ലക്ഷത്തിലധികം രൂപ. ഉടമ എ ഷൈജു പറയുന്നത് ഇങ്ങനെ: ‘മഹാരാഷ്‌ട്രയിലെ കർഷകരിൽനിന്ന് ശേഖരിച്ച് മുംബൈ തുറമുഖത്തുനിന്നാണ് ദുബായിലേക്ക് കപ്പൽമാർഗം ഒരു കണ്ടെയ്‌നർ തണ്ണിമത്തനും ഷമാമും അയച്ചത്. നാലുദിവസത്തിനകം എത്തുമെന്നാണ് അറിയിച്ചത്.
പത്തുലക്ഷത്തിലേറെ ചെലവായി. ഷിപ്പിങ് ചാർജ് മൂന്നുലക്ഷവും അടച്ചു. യുദ്ധ റിസ്‌ക് ഫീസായി ഏഴുലക്ഷത്തിലധികം രൂപയും കപ്പൽക്കന്പനി വാങ്ങി. ദുബായിലേക്ക് കൊണ്ടുപോകേണ്ട കപ്പൽ ഒമാൻ തുറമുഖത്ത് ഇറക്കി. റോഡുമാർഗമാണ് ഒമാനിൽനിന്ന് ചരക്ക് ദുബായിൽ എത്തിച്ചത്. അതിന് രണ്ടുലക്ഷത്തിലധികം രൂപയായി. ദുബായിൽ എത്തിച്ചപ്പോഴേക്കും നശിച്ചതിനാൽ ഇത് കുഴിച്ചുമൂടാൻ മുനിസിപ്പാലിറ്റിക്ക് ഒന്നരലക്ഷം രൂപയും നൽകേണ്ടിവന്നു. എന്നാൽ, കേന്ദ്രസർക്കാരിൽനിന്ന് ഒരു നഷ്ടപരിഹാരവും ലഭിച്ചില്ല’– ഷൈജു പറഞ്ഞു.
കയറ്റുമതിക്കാരെ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് പാഴ്‌വാക്കായി മാറിയെന്നതാണ് ഇവരുടെ അനുഭവം. സിറ്റി ഫ്രെഷ് കന്പനി പത്തുവർഷത്തിലധികമായി ശ്രീലങ്ക, ദുബായ്, ഒമാൻ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് പച്ചക്കറികളും പഴവർഗങ്ങളും കയറ്റി അയക്കുന്നുണ്ട്. ഇരുപതിലധികം ജീവനക്കാരുമുണ്ട്. കയറ്റുമതിക്കാരെ സഹായിക്കാനും നഷ്ടം നികത്താനുമുള്ള നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.










0 comments