134 പേർകൂടി എക്‌സൈസ് സേനയുടെ ഭാഗമായി; 10 വർഷം കൊണ്ട് നടത്തിയത് 2949 നിയമനം

തൃശൂർ : എക്‌സൈസ് വകുപ്പിൽ സംസ്ഥാനതലത്തിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ രൂപീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. തൃശ്ശൂർ, പൂത്തോൾ സ്റ്റേറ്റ് എക്സൈസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മുഖ്യമന്ത്രിയുടെ 2024ലെ എക്സൈസ് മെഡൽ വിതരണവും പരിശീലനം പൂർത്തിയാക്കിയ എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെയും വനിതാ- സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും പാസിംഗ് ഔട്ട് പരേഡിൽ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എക്‌സൈസ് അക്കാദമിയുടെ പ്രവർത്തനം വിപുലപ്പെടുത്തുമെന്നും എക്‌സൈസ് വകുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിൽ ഈ സർക്കാരിന്റെ കാലത്ത് 2600ലധികം നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
134 പേർകൂടി എക്‌സൈസ് സേനയുടെ ഭാഗമായി. ഇവർ പ്രതിജ്ഞയെടുത്ത് ജോലിയുടെ ഭാഗമാകുക മാത്രമല്ല ചെയ്യുന്നത്, ഒരു വലിയ സാമൂഹിക ഉത്തരവാദിത്വം ഏറ്റെക്കുക കൂടിയാണെന്നും മന്ത്രി പറഞ്ഞു. സേനയുടെ ഭാഗമായ എല്ലാവരുംതന്നെ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ബിരുദ- ബിരുദാനന്തര പ്രൊഫഷണൽ യോഗ്യതകളുള്ളവരാണ് പരിശീലനം പൂർത്തിയാക്കി എക്‌സൈസ് സേനയുടെ ഭാഗമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ക്യാബിനറ്റ് യോഗത്തിലാണ് എക്സൈസിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചത്. ഈ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 507 തസ്തിക സൃഷ്ടിക്കപ്പെട്ടു. ഇതിൽ 247 തസ്തികയും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ സൃഷ്ടിച്ചതാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് 2949 പിഎസ്‍സി നിയമനം നടന്നു. ആകെ സ്ട്രെങ്തിന്റെ പകുതിയിലധികം ഈ പത്ത് വർഷം കൊണ്ട് പിഎസ്‍സി വഴി നിയമനം നടത്തി.
എക്സൈസ് സേനയെ ശക്തിപ്പെടുത്താനും നവീകരിക്കാനും നടത്തിയ ഇടപെടൽ കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച സേനയായി ഇന്ന് കേരള എക്സൈസ് മാറി. മയക്കുമരുന്ന് കേസുകളിൽ കഴിഞ്ഞ 10 വർഷത്തെ ശരാശരി ശിക്ഷാനിരക്ക് 96.37 ശതമാനമാണ്. ഇത് ഇന്ത്യയിൽ ഏറ്റവും ഉയർന്നതാണ്. 10 വർഷമായി തുടർച്ചയായി ഈ മികവ് നിലനിർത്താൻ കഴിയുന്നു എന്നത് എക്സൈസിന് അഭിമാനം നൽകുന്നു. എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത പ്രമാദമായ 14 കേസുകളിലും ശിക്ഷിക്കപ്പെട്ടു. 34 വർഷവും 25 വർഷവുമെല്ലാം ശിക്ഷ വാങ്ങിക്കൊടുക്കാനായി. ക്രൈംബ്രാഞ്ചിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ ഒരു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒപ്പം തൃശൂർ എക്സൈസ് അക്കാദമിയെ നാർക്കോട്ടിക് ട്രെയ്നിംഗ് അക്കാദമി കൂടിയായിട്ട് പരിവർത്തിപ്പിക്കും- മന്ത്രി വ്യക്തമാക്കി.
16 എക്‌സൈസ് ഇൻസ്‌പെക്ടർമാരും 71 സിവിൽ എക്‌സൈസ് ഓഫീസർമാരും 47 വനിത സിവിൽ എക്‌സൈസ് ഓഫീസർമാരുമാണ് പരിശീലനം പൂർത്തിയാക്കി എക്‌സൈസ് സേനയുടെ ഭാഗമായത്. പരിശീലനത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് പുരസ്‌കാര വിതരണവും മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡൽ വിതരണവും മന്ത്രി നിർവ്വഹിച്ചു.
പരിശീലനം പൂർത്തിയാക്കിയ ട്രെയിനികളിൽ 71 ബിരുദധാരികൾ, 20 ബിരുദാനന്തര ബിരുദധാരികൾ, ഒരു എംടെക് ബിരുദധാരി, 24 ബിടെക് ബിരുദധാരികൾ, ഒരു ബിഎഎംഎസ് ബിരുദധാരി, ഒരു ബിഡിഎസ് ബിരുദധാരി, 4 ബിഎഡ് ബിരുദധാരികൾ, 5 ഡിപ്ലോമ ബിരുദധാരികൾ എന്നിവർ ഉൾപ്പെടുന്നു. ആലപ്പുഴയിൽ നിന്നുള്ള സിവിൽ എക്‌സൈസ് ഓഫീസർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ തസ്തികകളിൽ നിയമനം ലഭിച്ച ഒരു കുടുംബത്തിൽ നിന്നുള്ള എം അനന്തുവും സഹോദരിയായ എം അർച്ചനയും പാസ്സിംഗ് ഔട്ട് പരേഡിൽ ഒരുമിച്ച് പങ്കെടുത്തതും കൗതുക കാഴ്ചയായി.










0 comments