ad
Deshabhimani

3000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്ക് വിൽക്കും; അങ്കമാലിയിൽ 12 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

Arrest

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 02, 2026, 09:33 PM | 1 min read

കൊച്ചി: അങ്കമാലിയിൽ 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റഫിയുൽ മണ്ഡൽ (21), പർവേഷ് മണ്ഡൽ (19) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്.


ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. രണ്ട് ഷോൾഡർ ബാഗുകളിൽ പ്രത്യേക പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.


ഒഡീഷയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ബംഗാളിൽ നിന്ന് ചെന്നൈ വരെ ഒരു ട്രെയിനിൽ വരികയും അവിടെനിന്ന് മറ്റൊരു തീവണ്ടിയിൽ കയറി അങ്കമാലിയിൽ ഇറങ്ങുകയുമായിരുന്നു.


ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപയ്ക്കാണ് ഇവർ കഞ്ചാവ് വാങ്ങുന്നത്. അത് കേരളത്തിലെത്തിച്ച് പത്തിരട്ടി വിലയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്.


പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. റൂറൽ ജില്ലയിൽ ഈ വർഷം മാത്രം ഇതുവരെ 395 കിലോയോളം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home