പുണെയിൽ നിന്നും പിണങ്ങിയിറങ്ങിയത് എറണാകുളത്തേക്ക്; 11കാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടു

കൊച്ചി: മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും വീട്ടുകാരോട് പിണങ്ങി ട്രെയിൻ കയറി എറണാകുളത്തെത്തിയ 11 വയസ്സുകാരനെ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടലിലൂടെ മാതാപിതാക്കൾക്ക് വിട്ടുനൽകി. പൂനെ കൊണ്ട്വ സ്വദേശിയായ ബാലൻ ഫെബ്രുവരി 15നാണ് വീട്ടിൽ നിന്നിറങ്ങിയത്. പൂനെ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ കേരളത്തിലെത്തിയ കുട്ടിയെ 16ന് രാത്രി പത്തു മണിയോടെ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തുകയായിരുന്നു. ഒറ്റപ്പെട്ട നിലയിൽ പ്ലാറ്റ്‌ഫോമിൽ കണ്ട കുട്ടിയെ ഉടൻ തന്നെ സിഡബ്ല്യുസി നിർദ്ദേശപ്രകാരം പള്ളുരുത്തി ബോസ്കോ നിലയം ഓപ്പൺ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയിൽ നിന്നും നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി പൂനെ കൊണ്ട്വ പൊലീസ് സ്റ്റേഷനുമായി അധികൃതർ ബന്ധപ്പെട്ടു. ചൈൽഡ് വെൽഫെയർ പൊലീസ് ഓഫീസർ സുകേഷിനിയുടെ സഹായത്തോടെ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുകയും വീഡിയോ കോൺഫറൻസിംഗിലൂടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ പൂനെയിൽ നിന്നും പിതാവ് എറണാകുളത്തെത്തി. ആവശ്യമായ കൗൺസിലിംഗിനും നിയമനടപടികൾക്കും ശേഷം വ്യാഴാഴ്ച കുട്ടിയെ പിതാവിനൊപ്പം നാട്ടിലേക്ക് അയച്ചു.
എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി എം, സന്ധ്യ വി കെ, ജിൻസി മോൾ കുര്യൻ എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.









0 comments