സഹോദരിക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പത്തുവയസുകാരി മുങ്ങിമരിച്ചു

കെ വി ദേവപ്രിയ
കോട്ടയം: കോട്ടയത്ത് കൊടൂരാറ്റിൽ പത്ത് വയസുകാരി ആറ്റിൽ മുങ്ങിമരിച്ചു. മറിയപ്പള്ളി മുട്ടം കുരയ്ക്കാലാറ്റുചിറയിൽ വിനോദിന്റെ മകൾ കെ വി ദേവപ്രിയ ആണ് മരിച്ചത്. ഞായർ വൈകിട്ട് അഞ്ചോടെ വീടിന് സമീപത്തെ കൊടൂരാറ്റിലായിരുന്നു അപകടം.
പ്ലസ്‌വൺ വിദ്യാർഥിയായ സഹോദരി ദേവനന്ദക്കൊപ്പമാണ് ദേവപ്രിയ കുളിക്കാനിറങ്ങിയത്. ദേവനന്ദ വസ്ത്രം കഴുകുന്നതിനിടെ കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. പ്രദേശവാസികൾ ആറ്റിലിറങ്ങി ദേവപ്രിയയെ കരയ്‌ക്കെടുത്തു. ഉടൻ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആറ്റിലെ ആമ്പൽവള്ളിയിൽ കാൽ കുടുങ്ങിയതാകാം അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം തിങ്കൾ പകൽ രണ്ടിന് വീട്ടുവളപ്പിൽ. നാട്ടകം വിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. അമ്മ: സിനി.








0 comments