മട്ടന്നൂരിൽ സമരോത്സുക യൗവനം

കണ്ണൂർ: അവകാശ സമരങ്ങളുടെ നിലയ്ക്കാത്ത ശബ്ദമായി യുവജനതയ്ക്ക് നേതൃത്വം നൽകുന്ന വി കെ സനോജ് കന്നിയങ്കത്തിനാണ് മട്ടന്നൂരിലെത്തുന്നത്. ബാലസംഘത്തിൽ തുടങ്ങിയ പൊതുജീവിതം. വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലും കായികരംഗത്തും നേതൃപരമായ പങ്കുവഹിച്ച കരുത്തുമായാണ് മാലൂർ സ്വദേശിയായ സനോജ് മട്ടന്നൂരിൽ ജനകീയ അംഗീകാരം തേടുന്നത്. നിലവിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമാണ്.
സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായ സനോജ് ബാലസംഘം യൂണിറ്റ് സെക്രട്ടറിയായാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. ബാലസംഘം ജില്ലാ സെക്രട്ടറി, എസ്‌എഫ്‌ഐ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്‌എസ് കോളേജ് യൂണിയൻ ചെയർമാനായും മാഗസിൻ എഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. സ്വാശ്രയ കോളേജ് വിഷയത്തിൽ വിദ്യാഭ്യാസ കച്ചവടത്തിനെതിരായി
എസ്എഫ്ഐ സംഘടിപ്പിച്ച സമര പോരാട്ടങ്ങളിൽ കണ്ണൂരിലെ ക്യാമ്പസുകളെ അണിനിരത്തുന്നതിൽ വി കെ സനോജ് എന്ന വിദ്യാർഥി നേതാവ് നേതൃപരമായ പങ്കു വഹിച്ചു.
മട്ടന്നൂർ കോളേജിൽ ഒന്നാം വർഷ ഡിഗ്രി പഠനകാലത്ത് വിദ്യാർഥി സമരത്തിൽ പങ്കെടുത്തപ്പോഴാണ് ആദ്യമായി ജയിൽ വാസം അനുഭവിക്കുന്നത്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെയും പൊലീസ് മർദ്ദനവും ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി ചുമതലകളും വഹിച്ചു. കേന്ദ്രത്തിൻ്റെ തൊഴിൽ നിഷേധത്തിനെതിരെ യുവജനങ്ങളെയും സാംസ്കാരിക നായകരെയും അണിനിരത്തി കേരളമൊട്ടാകെ മനുഷ്യച്ചങ്ങല തീർത്ത സമരപരിപാടി വിജയിപ്പിച്ചതിലും തിളങ്ങിയത് സംസ്ഥാന സെക്രട്ടറിയായ വി കെ സനോജിൻ്റെ നേതൃപാടവവും സംഘാടന മികവുമാണ്.
നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ, കണ്ണൂർ ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കൗൺസിൽ അംഗം എന്നീ ചുമതലകൾ വഹിക്കുന്നു. യുവധാര പബ്ലിഷറും മാലൂർ പനമ്പറ്റ ന്യൂ യുപി സ്കൂൾ സൊസൈറ്റി സെക്രട്ടറിയും സ്‌കൂൾ മാനേജരുമാണ്. കൂത്തുപറമ്പിൽ സഹകരണ മേഖലയിൽ ആരംഭിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം സിയാക്കിന്റെ സ്ഥാപക പ്രസിഡന്റാണ്.
കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിൽ നാടിന് കരുതലാവുന്ന പ്രവർത്തനങ്ങൾ ഡിവൈഎഫ്‌ഐ എന്ന യുവജനപ്രസ്ഥാനം ഏറ്റെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. വയനാട് ഉരുൾപ്പൊട്ടല്‍ രക്ഷാപ്രവർത്തനത്തിലും പുനരധിവാസപ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടൽ ഡിവൈഎഫ്‌ഐ നടത്തിയത് സംസ്ഥാന സെക്രട്ടറിയായ സനോജിന്റെ നേതൃത്വത്തിലായിരുന്നു.
സാഹിത്യ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ ബഹുസ്വരതകളെ അടയാളപ്പെടുത്തിയ യുവധാര ലിറ്ററേച്ചർ ഫെസ്‌റ്റിവലിന്റെ മുഖ്യ സംഘാടകന്‍. ദേശീയ വോളിബോൾ ടൂർണമെന്റുകൾ ഉൾപ്പെടെ സംഘടിപ്പിച്ച മികച്ച കായിക സംഘാടകൻ കൂടിയാണ്. തൊഴിലില്ലായ്‌മയ്ക്കും ഫാസിസത്തിനുമെതിരെയുള്ള സമരങ്ങളിൽ യുവജനങ്ങളെ അണിനിരത്തുന്നതിനൊപ്പം സംഘടനയെ കാലോചിതമാക്കാനുള്ള പ്രവർത്തനങ്ങളിൽ മുൻകൈയെടുത്ത നേതാവാണ് വി കെ സനോജ്.










0 comments