ad
Deshabhimani

print edition വൈറ്റ്‌ കോളർ ഡ്രഗ്‌ പാർടി കേസ്‌: സംഘത്തിൽ കൂടുതൽ പേർ, കെവിന്റെ
വിദേശയാത്രകളിലും അന്വേഷണം

drug smugglers caught

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 25, 2026, 01:02 AM | 1 min read

കൊച്ചി : സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരെ ഉൾപ്പെടുത്തി ആഡംബരഹോട്ടലുകളിൽ വൈറ്റ്‌ കോളർ ഡ്രഗ്‌ പാർടികൾ നടത്തുന്ന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി കണ്ടെത്തൽ. ​തൃക്കാക്കരയിൽ മയക്കുമരുന്നുകേസിൽ പിടിയിലായ മുഖ്യസൂത്രധാരൻ കെവിൻ ബി മാത്യുവിന്റെ പ്രധാന കൂട്ടാളിയായി ഒരു സ്‌ത്രീകൂടി ഉൾപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി.

ഇവരെ തേടിയുള്ള അന്വേഷണത്തിനിടയിലാണ്‌ വ്യാഴാഴ്‌ച കെവിന്റെ മറ്റൊരു കൂട്ടാളിയായ പള്ളുരുത്തി സ്വദേശി പി എം ഷമീർ അറസ്‌റ്റിലായത്‌. ഇവർ മൂന്നുപേരും ചേർന്നാണ്‌ മയക്കുമരുന്ന്‌ കച്ചവടവും വൈറ്റ്‌ കോളർ ഡ്രഗ്‌ പാർടികളും നിയന്ത്രിച്ചിരുന്നതെന്നാണ്‌ സൂചന. ഇവരുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷകസംഘം സംശയിക്കുന്നു.


കെവിൻ തയ്‌ലൻഡ്‌ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. ഇ‍ൗ യാത്രകൾ മയക്കുമരുന്ന്‌ വാങ്ങാനായിരുന്നുവെന്ന്‌ സംശയിക്കുന്നുണ്ട്‌. കെവിന്റെ സാന്പത്തിക ഇടപാടുകളും ഫോൺവിളി വിവരങ്ങളും അന്വേഷണപരിധിയിലുണ്ട്‌. ഷമീറിന്റെ സുഹൃത്ത്‌ സിദ്ദിഖ്‌ വഴിയാണ്‌ ചെന്പുമുക്കിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന തൊടുപുഴ സ്വദേശി കെവിൻ ബി മാത്യുവിന്റെ കൈയിൽനിന്ന്‌ രണ്ടുതവണയായി 50 ഗ്രാംവീതം എംഡിഎംഎ വാങ്ങിയത്‌. സിദ്ദിഖിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.


കെവിൻ രണ്ടുവർഷത്തിനിടെ നടത്തിയത്‌ 20 ലക്ഷം രൂപയുടെ മയക്കുമരുന്ന്‌ കച്ചവടമാണെന്ന്‌ കണ്ടെത്തിയിരുന്നു. തൃക്കാക്കര വാഴക്കാലയിൽനിന്ന്‌ 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായാണ്‌ കെവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്‌. മാർച്ച്‌ 28ന്‌ കടവന്ത്രയിലെ ആഡംബരഹോട്ടലിൽനിന്ന്‌ വിവിധയിനം മയക്കുമരുന്നുകളുമായി എട്ടുപേർ പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ്‌ ഇയാൾ പിടിയിലായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home