ad
Deshabhimani

print edition കള്ളാടിയിലെയടക്കം മഴമാപിനികൾ 
പ്രവർത്തനരഹിതം

kalldi

പുത്തുമലയിൽ സ്ഥാപിച്ച കള്ളാടി മഴമാപിനി

avatar
കെ എ അനിൽകുമാർ

Published on Jul 09, 2026, 12:00 AM | 1 min read

കൽപ്പറ്റ : മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടിയിലെയടക്കം നാഷണൽ ഹൈഡ്രോളജി മിഷന്റെ വയനാട്ടിലെ മഴമാപിനികളും നദീജലമാപിനികളും പ്രവർത്തനരഹിതം. നാഷണൽ ഹൈഡ്രോളജി പ്രോജക്‌ടിന്റെ ഭാഗമായി ആറ്‌ മഴമാപിനികളും അഞ്ച്‌ നദീജലമാപിനികളുമാണ്‌ ജില്ലയിൽ പ്രവർത്തിച്ചിരുന്നത്‌. കേന്ദ്രസർക്കാർ ഫണ്ട്‌ വെട്ടിക്കുറച്ചതോടെയാണ്‌ 11 കേന്ദ്രങ്ങളും മൂന്നുമാസമായി പ്രവർത്തനരഹിതമായത്‌.


കള്ളാടി, മാനന്തവാടി, തിരുനെല്ലി, കൽപ്പറ്റ, വാഴവറ്റ, മീനങ്ങാടി എന്നിവിടങ്ങളിൽനിന്ന്‌ മഴയുടെ അളവും ബാവലി, കേളോത്തുംകടവ്‌, കാക്കവയൽ, മുത്തങ്ങ, മാനന്തവാടി എന്നിവിടങ്ങളിൽനിന്ന്‌ നദീജല അളവും ശേഖരിച്ചിരുന്നു. കാലാവസ്ഥ മുന്നറിയിപ്പടക്കം നൽകാൻ ഇവ ഉപയോഗിച്ചു. ഫണ്ടില്ലാത്തതിനാൽ ഇവിടങ്ങളിൽ ടെൻഡർ ക്ഷണിച്ച്‌ റീഡേഴ്‌സിനെ നിയോഗിക്കാനായില്ല.


3400 രൂപ മഴമാപിനി റീഡേഴ്‌സിനും 8800 രൂപ നദീജലമാപിനി റീഡേഴ്‌സിനും പ്രതിഫലം നൽകിയിരുന്നു. 2025–2026 വർഷം റീഡേഴ്‌സുമായി കരാറുണ്ടാക്കിയെങ്കിലും കേന്ദ്രഫണ്ട്‌ ലഭിക്കാത്തതിനാൽ നൽകാനായില്ല. എങ്കിലും, പ്രവർത്തനം മുടങ്ങിയിരുന്നില്ല. എന്നാൽ, കാലവർഷം ശക്തമായിട്ടും 2026–2027 വർഷം റീഡേഴ്‌സിനെ നിയോഗിക്കാൻ നടപടിയുണ്ടായില്ല.

ജിയോളജി വകുപ്പിന്‌ കീഴിലെ ഹൈഡ്രോളജി സെക്ഷൻ വഴിയാണ്‌ റീഡർമാരെ നിയന്ത്രിച്ചിരുന്നത്‌. മാനന്തവാടിയിലെ ഹൈഡ്രോളജി സെക്ഷൻ ഓഫീസിൽ രണ്ട്‌ ജീവനക്കാരാണുള്ളത്‌. റീഡർമാരുടെ സേവനം നിലച്ചതോടെ ഇവരോട്‌ 11 കേന്ദ്രങ്ങളിൽ എത്താനായിരുന്നു നിർദേശം. ഓഫീസിൽ വാഹനമില്ലാത്തതിനാൽ ഇവർക്ക്‌ എല്ലാ കേന്ദ്രങ്ങളിലും എത്തി കണക്ക്‌ ശേഖരിക്കാനാകുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home